ഒമാനിൽ അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരടക്കം ഒമ്പത് ജീവനക്കാർ നാവികസേന ബോട്ടിൽ

ഒമാൻ എ​ണ്ണക്ക​പ്പ​ൽ അപകടം: ഇന്ത്യക്കാരടക്കം ഒമ്പതുപേരെ രക്ഷിക്കുന്നതിന്‍റെ വിഡിയോ പുറത്തുവിട്ട് നാവികസേന

ന്യൂഡൽഹി: ഒമാനിലുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽപ്പെട്ട ഇന്ത്യക്കാരടക്കം ഒമ്പത് കപ്പൽ ജീവനക്കാരെ രക്ഷിക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ട് ഇന്ത്യൻ നാവികസേന. അപകടത്തിൽപ്പെട്ട എണ്ണക്കപ്പൽ എം.വി. പ്രസ്റ്റീജ് ഫാൾക്കണിന്‍റെ സമീപത്തേക്ക് യുദ്ധക്കപ്പൽ ഐ.എൻ.എസ് തേജ് എത്തുന്നതിന്‍റെയും രക്ഷപ്പെട്ടവർ കപ്പലിൽ വിശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

രക്ഷപ്പെട്ട ഒമ്പത് കപ്പൽ ജീവനക്കാർ ചെറുബോട്ടിൽ ഇരിക്കുന്നതിന്‍റെ ചിത്രങ്ങളും നാവികസേന പുറത്തുവിട്ടു. അതേസമയം, എണ്ണക്കപ്പൽ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമാണ്. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമ നിരീക്ഷണത്തിന് പി-81 വിമാനവുമാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. കാണാതായ ഏഴു പേർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.

അപകടത്തിൽപ്പെട്ട 16 ജീവനക്കാരിൽ ഒമ്പത് പേരെയാണ് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്. ഇതിൽ എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ പൗരനും ഉൾപ്പെടുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

ഒമാൻ ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) തെക്കുകിഴക്കായാണ് തിങ്കളാഴ്ച എം.വി. പ്രസ്റ്റീജ് ഫാൾക്കൺ എണ്ണക്കപ്പൽ മറിയുന്നത്. യമനിലെ ഏദൻ തുറമുഖത്തേക്ക് പോവുകയായിരുന്ന പ്രസ്റ്റീജ് ഫാൽക്കൺ ആണ് അപകടത്തിൽപെടുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്.

Tags:    
News Summary - Oman Oil Tanker Rescue; Indian Navy released video and pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.