സ്വകാര്യ മേഖലയിലെ തൊഴിൽ സംവരണം; ലക്ഷ്യം കന്നഡ പ്രീണനം, നിയമനടപടികളിലേക്ക് നീളും

ബംഗളൂരു: മണ്ണിന്റെ മക്കൾ വാദവുമായി കന്നട പ്രീണനം ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണത്തിനായി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ കൊണ്ടുവന്ന കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദ ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്​​മെന്റ്സ് ബിൽ നിയമനടപടികളിലേക്ക് വഴിവെച്ചേക്കും. കർണാടകയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഐ.ടി മേഖലയെയടക്കം ബാധിക്കുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ മുഖ്യമന്ത്രി ബില്ല് മരവിപ്പിച്ചെങ്കിലും മലയാളികളടക്കം ലക്ഷക്കണക്കിന് കുടിയേറ്റക്കാരെയും ബിൽ നടപ്പിലായാൽ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബിൽ സംബന്ധിച്ച് ആശങ്കവേണ്ടതില്ലെന്നും കന്നടിഗരെ പോലെ വ്യവസായികളുടെയും വിശാല താൽപര്യത്തെ സർക്കാർ സംരക്ഷിക്കുമെന്നും വ്യവസായമന്ത്രി എം.ബി. പാട്ടീൽ പ്രതികരിച്ചു.

അതേസമയം, കർണാടകക്ക് മുമ്പ് ഇതേ നീക്കം നടത്തിയ ആന്ധ്രപ്രദേശ്, ഹരിയാന, ഝാർഖണ്ഡ് സംസ്ഥാനങ്ങളുടെ നടപടി കോടതിവ്യവഹാരത്തിലാണ്. കർണാടകയിൽ മന്ത്രിസഭ അനുമതി നൽകിയ ബിൽ ഇപ്പോൾ നടക്കുന്ന വർഷകാല നിയമസഭ സമ്മേളനത്തിൽ ഉടൻ അവതരിപ്പിക്കും. കന്നട വിരുദ്ധരെന്ന ആരോപണം ഭയന്ന് പ്രതിപക്ഷം ബില്ലിനെ എതിർക്കാൻ സാധ്യതയില്ല. എന്നാൽ, സർക്കാർ നീക്കത്തിനെതിരെ വ്യവസായ സമൂഹം പൊതുഹരജിയുമായി ഹൈകോടതിയെ സമീപിച്ചേക്കുമെന്നറിയുന്നു. 2019 മേയിൽ വൈ.എസ്. ജഗൻ മോഹൻ ​റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെയാണ് ആന്ധ്രപ്രദേശിൽ സ്വകാര്യ മേഖലയിൽ തദ്ദേശീയർക്കായി തൊഴിൽ സംവരണം കൊണ്ടുവന്നത്. ‘ആന്ധ്രപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്ടറീസ് ബിൽ’ എന്ന പേരിൽ കൊണ്ടുവന്ന ബിൽ ത​ദ്ദേശീയർക്ക് 75 ശതമാനം സംവരണമാണ് ശിപാർശ ചെയ്തത്. മാസ ശമ്പളപരിധിയായി 30,000 രൂപയും നിശ്ചയിച്ചു. എന്നാൽ, ഇതു സംബന്ധിച്ച കേസ് ആന്ധ്ര ഹൈകോടതിയിലെത്തി. 2020ൽ കേസ് പരിഗണിക്കവെ, ബിൽ ഭരണഘടനവിരുദ്ധമാവാനുള്ള സാധ്യത ഹൈകോടതി ചൂണ്ടിക്കാട്ടി.

2020ൽ ഹരിയാന സർക്കാർ ഇതേ രീതിയിൽ 30,000 രൂപ മാസ ശമ്പള പരിധി നിശ്ചയിച്ച് 75 ശതമാനം സംവരണം സ്വകാര്യ മേഖലയിൽ കൊണ്ടുവന്നു. എന്നാൽ, ഇതിനെതിരെ ഫരീദാബാദ് ഇൻഡസ്ട്രീസ് അസോസിയേഷനടക്കമുള്ള സംഘടനകൾ ഹൈകോടതിയെ സമീപിച്ചു. വിധി ഹരിയാന സർക്കാറിനെതിരായതോടെ അവർ സുപ്രീംകോടതിയെ സമീപിച്ചു. 2022 ഫെബ്രുവരിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി.

2023 ഡിസംബറിൽ ഹേമന്ത് സോറന്റെ ഝാർഖണ്ഡ് സർക്കാർ ഗവണ്മെന്റ് ജോലികളിലെ ക്ലാസ്-മൂന്ന്, ക്ലാസ്-നാല് തസ്തികകളിൽ 100 ശതമാനം തദ്ദേശീയർക്ക് സംവരണം ഏർപ്പെടുത്തുന്ന ബില്ലാണ് കൊണ്ടുവന്നത്. എന്നാൽ, ഭരണഘടനയുടെ 14ാം വകുപ്പിന്റെയും (സമത്വത്തിനുള്ള അവകാശം) 16 എ വകുപ്പിന്റെയും (തൊഴിലിടങ്ങളിലെ സമത്വം) അന്തസ്സത്ത ബിൽ ഇല്ലായ്മ ചെയ്യുന്നതായി ചൂണ്ടിക്കാട്ടി, പുനഃപരിശോധന ആവശ്യപ്പെട്ട് ഗവർണർ സി.പി. രാധാകൃഷ്ണൻ ബിൽ മടക്കി. എന്നാൽ, കഴിഞ്ഞ വർഷംതന്നെ മാറ്റമൊന്നുമില്ലാതെ പ്രസ്തുത ബിൽ വീണ്ടും ഝാർഖണ്ഡ് നിയമസഭ പാസാക്കി. എന്നാൽ, ഗവർണർക്ക് അയച്ചതുമില്ല. ബിൽ ഝാർഖണ്ഡിൽ ഇപ്പോഴും നിയമപ്രാബല്യത്തിൽ വന്നിട്ടില്ല. കർണാടകയിലെ പുതിയ ബില്ലും സമാനവഴിയിൽ നിയമനടപടികളിലേക്ക് കടക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. 

Tags:    
News Summary - Employment reservation in private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.