ഗുജറാത്തിൽ കടുത്ത ആശങ്കയായി ചാന്ദിപുര വൈറസ്; മരിച്ചത് 15 പേർ, കൂടുതൽ പേരിലേക്ക് രോഗം പടരുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ​​വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഗുജറാത്ത് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 29 പേരിൽ ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15 പേർ മരിക്കുകയും ചെയ്തു. എന്നാൽ, പൂണെയിലെ വൈറോളജി ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ മരണങ്ങൾക്ക് പിന്നിൽ ചാന്ദിപുര വൈറസാണെന്ന് സ്ഥിരീകരിക്കാനാവു. ആരവല്ലി ജില്ലയിൽ അഞ്ച് വയസുകാരിയുടെ മരണത്തിനിടയാക്കിയത് ചാന്ദിപുര വൈറസാണ് പൂണെയിലെ വൈറോളജി ലാബ് സ്ഥിരീകരിച്ചിരുന്നു.

വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. കൂടുതൽ ജില്ലകളിൽ രോഗബാധ പടരുന്ന സാഹചര്യത്തിലാണിത്. അഹമ്മദാബാദ് ഉൾപ്പടെയുള്ള നഗരങ്ങളിലും രോഗം പടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. നഗരത്തിലെ സിവിൽ ഹോസ്പിറ്റലിൽ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ച 29 പേരിൽ 26 പേർ ഗുജറാത്തിൽ നിന്നുള്ളവരാണ്. മധ്യപ്രദേശിലെ ഒരാൾക്കും രാജസ്ഥാനിൽ നിന്നുള്ള രണ്ട് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ജില്ലകളിൽ 51,275 പേരെ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയം തോന്നുന്ന സാമ്പിളുകൾ ഉടൻ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാൻ പ്രാദേശിക, ജില്ലാ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Chandipura virus: Death toll rises to 15 as the virus spreads in more districts in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.