ഉമർ അബ്ദുല്ല

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റേണ്ട കാര്യമില്ലായിരുന്നു; പ്രത്യേകിച്ച് ഒരു ലക്ഷ്യവും നേടാനായില്ല -ഉമർ അബ്ദുല്ല

ശ്രീനഗർ: 2001ലെ പാർലമെന്‍റ് ആക്രമണ കേസിലെ കുറ്റവാളി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റേണ്ട കാര്യമില്ലായിരുന്നുവെന്നും, അതുകൊണ്ട് പ്രത്യേകിച്ച് ഒരു ലക്ഷ്യവും നേടാനായില്ലെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല. താൻ വധശിക്ഷക്ക് എതിരാണെന്നു വ്യക്തമാക്കിയ ഉമർ അബ്ദുല്ല, സംസ്ഥാന സർക്കാറിന്‍റെ അനുമതി ചോദിച്ചിട്ടില്ല ശിക്ഷ നടപ്പാക്കിയതെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ സർക്കാറിന് ഒന്നും ചെയ്യാനാകുമായിരുന്നില്ല. സംസ്ഥാന സർക്കാറിന്‍റെ അനുമതി ചോദിച്ചിട്ടില്ല ശിക്ഷ നടപ്പാക്കിയത്. അഫ്സൽ ഗുരുവിന്‍റെ വധശിക്ഷ നടപ്പാക്കിയതിലൂടെ എന്തെങ്കിലും ലക്ഷ്യം നേടിയെടുക്കാൻ കഴിഞ്ഞെന്ന് ഞാൻ വിശ്വസിക്കുന്നില്ല” -ഉമർ അബ്ദുല്ല പറഞ്ഞു. താൻ വധശിക്ഷക്ക് എതിരാണെന്നും കോടതിക്കും തെറ്റുപറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2013 ഫെബ്രുവരിയിലാണ് തിഹാർ ജയിലിൽവെച്ച് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്. കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ഗന്ദേർബൽ, ബുദ്ഗാം മണ്ഡലങ്ങളിൽ ഉമർ അബ്ദുല്ല പത്രിക നൽകിയിട്ടുണ്ട്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിന് ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - Omar Abdullah on Afzal Guru's hanging: No purpose served by executing him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.