ശ്രീനഗർ: വിവേക് അഗ്നിഹോത്രിയുടെ വിവാദ സിനിമ ‘ദ കശ്മീർ ഫയൽസി’ന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ പ്രതികരണവുമായി കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ‘ദേശീയോദ്ഗ്രഥനം’ എന്ന വാക്കിനൊപ്പം പരിഹാസ ചിരിയുടെ ഇമോജി കൂടി ചേർത്താണ് സമൂഹമാധ്യമമായ എക്സിൽ ഉമർ അബ്ദുല്ല പോസ്റ്റിട്ടത്. കശ്മീർ ഫയൽസിൽ അഭിനയിച്ച പല്ലവി ജോഷിയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിരുന്നു.
മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി ‘ദ കശ്മീർ ഫയൽസി’നെ തെരഞ്ഞെടുത്തതിൽ രാജ്യവ്യാപക വിമർശനമാണ് ഉയർന്നത്. തരംതാണ രാഷ്ട്രീയ നേട്ടത്തിനായി ദേശീയ പുരസ്കാരത്തിന്റെ വില കളയരുതെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചത്.
‘വിവാദ ചിത്രമെന്ന നിലയിൽ നിഷ്പക്ഷ സിനിമ നിരൂപകർ അവഗണിച്ച ഒരു ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ലഭിച്ചത് ആശ്ചര്യകരമാണ്. സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങളിൽ രാഷ്ട്രീയ പക്ഷപാതം ഇല്ലാതായാൽ കാലാതീതമായ ബഹുമതിയാകും. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ പുരസ്കാരങ്ങളുടെ അന്തസിൽ വിട്ടുവീഴ്ച ചെയ്യരുത്’ -സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
'ദ കശ്മീർ ഫയൽസ്' നുണകളുടെ കൂമ്പാരമാണെന്ന് ഉമർ അബ്ദുല്ല മുമ്പ് പ്രതികരിച്ചിരുന്നു. കശ്മീർ ഫയൽസ് കച്ചവട സിനിമയാണെങ്കിൽ ആർക്കും എതിർപ്പില്ല. പക്ഷേ, അത് യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണെന്ന് നിർമാതാക്കൾ അവകാശപ്പെടുമ്പോൾ എന്താണ് യാഥാർഥ്യം എന്നുകൂടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ സംസ്കാരത്തിന് (കശ്മീരിയത്ത്) കളങ്കമായി തീർന്ന സംഭവമാണ് പണ്ഡിറ്റുകളുടെ പലായനം. അത് സംഭവിക്കുമ്പോൾ ഫാറൂഖ് അബ്ദുല്ലയായിരുന്നില്ല കശ്മീർ മുഖ്യമന്ത്രി. ബി.ജെ.പിയുടെ പിന്തുണയോടെ ഭരിച്ച വി.പി. സിങ് നിയോഗിച്ച ഗവർണർ ജഗൻമോഹന്റെ ഭരണമായിരുന്നു അപ്പോൾ കശ്മീരിൽ.
കശ്മീരി പണ്ഡിറ്റുകൾ ഇരയായ അതേ തോക്കിനു മുന്നിൽ ഇരകളായി തീർന്ന മുസ്ലിംകളുടെയും സിഖുകാരുടെയും ത്യാഗത്തെ വിസ്മരിക്കുന്നത് അനീതിയാണ്. താഴ്വര വിട്ടുപോയ മുസ്ലിംകളിൽ നിരവധിപേർ ഇനിയും തിരിച്ചെത്തിയിട്ടുമില്ലെന്നോർക്കണം. ഈ സിനിമ നിർമിച്ചവരുടെ ഉദ്ദേശ്യം പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരുകയല്ല, അവരെ ഇപ്പോഴും അകറ്റിത്തന്നെ നിർത്തണമെന്നാണ് -ഉമർ അബ്ദുല്ല പറഞ്ഞു.
'1990ലും അതിനുശേഷവും അനുഭവിച്ച വേദനയും കഷ്ടപ്പാടും പഴയപടിയാക്കാനാവില്ല. കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വബോധം അവരിൽനിന്ന് തട്ടിയെടുത്തതും താഴ്വര വിട്ട് അവർക്ക് പോകേണ്ടിവന്നതും കശ്മീരിയത്തിന് കളങ്കമാണ്. വിഭജനം അവസാനിപ്പിക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്. അല്ലാതെ അത് കൂടുതൽ വഷളാക്കുകയല്ല' -ഉമർ അബ്ദുല്ല ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.