ന്യൂഡൽഹി: അതിർത്തിയിൽ ബി.എസ്.എഫ് ജവാെൻറ തലവെട്ടി മൃതദേഹം വികൃതമാക്കിയ സംഭവത്തിൽ ഇന്ത്യ പാകിസ്താന് തിരിച്ചടി നൽകിയെന്ന സൂചനയുമായി ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തിനിടയിൽ ചില വലിയ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശിലെ മുസഫർനഗറിൽ ഒരു ചടങ്ങിൽ രാജ്നാഥ്സിങ് പരാമർശിച്ചു.
ഇന്ത്യയിൽ അസമാധാനം വളർത്താൻ അയൽക്കാരായ പാകിസ്താൻ ശ്രമിക്കുകയാണ്. പൈശാചിക പ്രവൃത്തികൾ അടങ്ങുന്നില്ല. അതിർത്തി രക്ഷാസേനയിലെ ജവാന്മാരോട് അവർ എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾ ചോദിക്കുന്നു.
‘‘ചിലത് നടന്നിട്ടുണ്ട്. എന്താണെന്ന് ഇപ്പോൾ പറയുന്നില്ല. വലിയ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നെ വിശ്വസിക്കണം. രണ്ടു മൂന്നു ദിവസം മുമ്പ് ചില വലിയ കാര്യങ്ങൾ നടന്നിട്ടുണ്ട്. ഭാവിയിൽ എന്തു സംഭവിക്കാൻ പോകുന്നുവെന്ന് നിങ്ങൾ കാണും’’ -രാജ്നാഥ്സിങ് പറഞ്ഞു.
ഇക്കഴിഞ്ഞ 18നാണ് ബി.എസ്.എഫ് സൈനികൻ അതിർത്തി നിയന്ത്രണരേഖക്ക് സമീപം മൃഗീയമായി കൊല്ലപ്പെട്ടത്. അന്താരാഷ്്ട്ര അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പാകിസ്താൻ റേഞ്ചേഴ്സിനെ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാകിസ്താനിൽനിന്ന് വെടിവെപ്പുണ്ടായാൽ തിരിച്ചടിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും രാജ്നാഥ്സിങ് പറഞ്ഞു. ‘‘ബി.എസ്.എഫ് സൈനികരോട് ഞാൻ പറഞ്ഞു. പാകിസ്താൻ നമ്മുടെ അയൽക്കാരാണ്. ആദ്യം വെടിവെക്കരുത്. പക്ഷേ, അവർ ഒറ്റത്തവണയെങ്കിലും വെടിവെച്ചാൽ, പിന്നെ, നമ്മുടെ വെടിയുണ്ട എണ്ണാനൊന്നും നിൽക്കേണ്ട.’’
മിന്നലാക്രമണത്തിെൻറ രണ്ടാം വാർഷിക വേളയിലാണ് ആഭ്യന്തരമന്ത്രിയുടെ പരാമർശം. ‘‘അന്നത്തെ ദിനം പ്രധാനമന്ത്രി വലിയ ഇച്ഛാശക്തി കാണിച്ചു. മുന്നോട്ടുനീങ്ങാൻ സേനക്ക് നിർദേശം നൽകി. സൈനികർ അതിർത്തി കടന്ന് ശത്രുക്കളെ ശക്തമായി ആക്രമിച്ചു. നമ്മുടെ കമാൻഡോമാരിൽ ഒരാൾക്കു മാത്രം പരിക്കേറ്റു -രാജ്നാഥ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.