ഡൽഹിയിൽ ഒമിക്രോണിന്‍റെ പുതിയ വകഭേദം, സാമ്പിൾ വിശദ പരിശോധനക്കയച്ചു

ന്യൂഡൽഹി: ഒമിക്രോണിന്‍റെ പുതിയ വകഭേദമായ ബി.എ.2.12 കണ്ടെത്തിയതായി ഡൽഹി ആരോഗ്യ വകുപ്പ്. വ്യാഴാഴ്ച നടത്തിയ ജീനോ പരിശോധനയിലാണ് സാമ്പിളിൽ വ്യതിയാനം കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിൾ ഐ.എൻ.എസ്.എ.സി.ഒ.ജിയിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള ഫലം ലഭിക്കുന്നതോടെ പുതിയ വകഭേദം സംബന്ധിച്ച അന്തിമ സ്ഥിരീകരണമുണ്ടാകും.

രോഗബാധയുള്ള ആളുമായി സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളും അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ വ്യാഴാഴ്ച 965 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ബുധനാഴ്ച 1009 പേർക്ക് രോഗബാധ കണ്ടെത്തുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 10ന് ശേഷമുള്ള കൂടിയ കണക്കാണ് ബുധനാഴ്ചത്തേത്.

രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. മാസ്ക് ഉപയോഗം വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജീനോം സീക്വന്‍സിങ് വ്യാപിപ്പിക്കാനും ആശുപത്രികളിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങൾ, ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ എന്നിവ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - Omicron sub-variant BA.2.12 found in majority of Delhi samples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.