ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ പേരറിവാളന്‍റെ കുറ്റസമ്മതത്തിലെ ചില ഭാഗങ്ങൾ താൻ മൊഴിയിൽ ഉൾപ്പെടുത്തിയില്ലെന്ന് സി.ബി.ഐ ഓഫിസർ സുപ്രീംകോടതിയിൽ. ബോംബിലുപയോഗിച്ച ബാറ്ററി എന്തിന് വേണ്ടിയാണെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് പേരറിവാളൻ യഥാർഥത്തിൽ പറഞ്ഞത്. 'ബാറ്ററി എന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നു' എന്ന ഭാഗമാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന താൻ കുറ്റസമ്മത മൊഴിയിൽ നിന്ന് താൻ ഒഴിവാക്കിയത്. ആ ഭാഗം ഒഴിവാക്കിയില്ലായിരുന്നുവെങ്കിൽ കോടതി അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിടുമായിരുന്നു എന്നും ഒക്ടോബർ 27ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സി.ബി.ഐ ഉദ്യോഗസ്ഥനായ വി. ത്യാഗരാജൻ പറയുന്നു.
ബാറ്ററി വാങ്ങിക്കൊടുക്കുമ്പോൾ അതെന്തിനായിരുന്നു എന്ന് തനിക്കറിയില്ല എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ കുറ്റസമ്മത മൊഴിക്ക് സാംഗത്യം തന്നെ ഇല്ലാതാകുകയും പേരറിവാളൻ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യുമായിരുന്നു. അതിനാലാണ് അന്ന് താൻ അക്കാര്യം രേഖപ്പെടുത്താതിരുന്നത്.
കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്ന സമയത്ത് ബോംബിനെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചിരുന്നില്ല. ഇന്നും അവസാനിച്ചിട്ടില്ല.
കേസിന്‍റെ അന്വേഷണത്തിൽ പേരറിവാളന്‍റെ പങ്ക് സി.ബി.ഐക്ക് ബോധ്യപ്പെട്ടിട്ടില്ല. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അക്കാര്യം സി.ബി.ഐ ക്കും ബോധ്യമാകുന്നത്. 1991 മെയ് 7ന് പ്രതി ശിവരശനും എൽ.ടി.ടി.ഇ മുതിർന്ന നേതാവ് പൊട്ടു അമ്മനും തമ്മിലുള്ള വയർലസ് സന്ദേശങ്ങൾ ഇതിന് തെളിവാണ്. ശിവരശനും ശുഭയും ആത്മഹത്യ ബോംബായി പൊട്ടിത്തെറിച്ച തനുവും അല്ലാതെ മറ്റൊരാൾക്കും ഇതേക്കുറിച്ച് അറിയില്ലെന്നാണ് ശിവരശൻ പൊട്ടു അമ്മനോട് പറഞ്ഞത്.
ഒൻപത് വോൾട്ടിന്‍റെ രണ്ട് ബാറ്ററി വാങ്ങിച്ചുകൊടുത്തു എന്നുള്ളത് പേരറിവാളന് ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന് തെളിവല്ല. പേരറിവാളന് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന് വയർലസ് സന്ദേശത്തിൽ നിന്ന് തന്നെ വ്യക്തമാണ്.
പേരറിവാളൻ കുറ്റക്കാരനാണെന്ന് വിധിക്കാൻ കോടതിക്ക് മുന്നിലുള്ള തെളിവ് താൻ രേഖപ്പെടുത്തിയ കുറ്റസമ്മത മൊഴിയാണ്. ഇക്കാര്യത്തിൽ നീതി നടപ്പാക്കാൻ കോടതി തയാറാകണമെന്നും ത്യാഗരാജൻ അപേക്ഷയിൽ പറഞ്ഞു.
എൽ.ടി.ടി.ഇക്ക് ആയുധങ്ങൾ നൽകിവന്നിരുന്നയാൾ ശ്രീലങ്കയിൽ ജയിലിലുണ്ട്. ഇയാളെ ചോദ്യം ചെയ്യുമെന്ന് പ്രോസിക്യൂഷൻ പറയുന്നുണ്ട്. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബ് നിർമിച്ചയാളും ശ്രീലങ്കൻ ജയിലിലുണ്ട്. അയാളെയും ചോദ്യം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് രണ്ട് ബാറ്ററി വാങ്ങിയെന്ന പേരിൽ നിരപരാധിയായ പയ്യനെ 26 വർഷങ്ങളായി ജയിലിലിട്ടിരിക്കുന്നതെന്നും പേരറിവാളന്‍റെ അഭിഭാഷകൻ ശങ്കരനാരായണൻ ചോദിച്ചു.
ശ്രീപെരുപുതൂരിലുണ്ടായ ബെൽറ്റ് ബോംബ് സ്ഫോടനത്തിൽ 1991ലാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. രണ്ട് ബാറ്ററികൾ വാങ്ങിനൽകി എന്ന കുറ്റത്തിനാണ് പേരറിവാളനെ വധശിക്ഷക്ക് വിധിച്ചത്. ഇക്കഴിഞ്ഞ 26 വർഷങ്ങളായി ഏകാന്ത തടവിലാണ് പേരറിവാളൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.