അതിർത്തി അടച്ച പൊലീസ് സന്നാഹങ്ങളെ ഭേദിച്ച് കർഷകർ ഹരിയാനയിലെത്തി

ന്യൂഡൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകർ അതിർത്തി അടച്ച പൊലീസ് സന്നാഹങ്ങളെ ഭേദിച്ച് ഹരിയാനയിലെത്തി. ഗുരുഗ്രാമിൽ ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡൽഹിയിലേക്കുള്ള പാത മുഴുവൻ പൊലീസ് തടഞ്ഞിരിക്കുകയാണ്. യുദ്ധസമാന സന്നാഹമാണ് കർഷകരെ നേരിടാൻ ബി.ജെ.പി ഭരണത്തിലുള്ള ഹരിയാനയിൽ പൊലീസ് ഒരുക്കിയിട്ടുള്ളത്.

നൂറുകണക്കിന് സായുധ പൊലീസും നിരീക്ഷണത്തിന് ഡ്രോൺ കാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അംബാലയിൽ വെച്ചാണ് പൊലീസ് സംസ്ഥാന സർക്കാർ നിർദേശ പ്രകാരം കർഷകരെ നേരിട്ടത്. തടയാനായി സ്ഥാപിച്ച നിരവധി ബാരിക്കേഡുകൾ കർഷകർ നദിയിലെറിഞ്ഞു. 


ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ദേശീയ പണിമുടക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് രാജ്യതലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുന്നത്. ഹരിയാന, പഞ്ചാബ്, യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കേരളത്തിൽ നിന്നും കർഷകർ പ്രക്ഷോഭത്തിൽ അണിനിരക്കുന്നുണ്ട്.



കർഷക റാലിയെ ഡൽഹി നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ഡൽഹി സർക്കാർ നിലപാട്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു. എന്നാൽ, ട്രാക്ടറുകളിലും ട്രക്കുകളിലുമായി കർഷകർ ഡൽഹി ലക്ഷ്യമാക്കി നീങ്ങുകയാണ്.



 

കർശന സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയത്. അതിര്‍ത്തികളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എട്ട് കമ്പനി അർധസൈനികരുടെ സേനയും അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി മെട്രോ സർവിസുകൾ ഇന്ന് ഉച്ചവരെ നിർത്തിവെച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.