ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പേ രാഹുൽ ഗാന്ധി അധ്യക്ഷനെ പ്രഖ്യാപിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ രാഹുൽ അധ്യക്ഷനെ പ്രഖ്യാപിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വോട്ടെണ്ണൽ പൂർത്തിയായത്. മൂന്ന് മണിയോടെയാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എന്നാൽ, 1.30ന് രാഹുൽ നടത്തിയ വാർത്തസമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെയെ അധ്യക്ഷനായി വിശേഷിപ്പിക്കുകയായിരുന്നു.
കോൺഗ്രസിൽ ഇനി തന്‍റെ റോൾ എന്താണെന്ന ചോദ്യത്തിന് പ്രതികരിക്കവേയായിരുന്നു രാഹുലിന്‍റെ പരാമർശം. 'പാർട്ടിയിൽ ഇനി എന്‍റെ റോൾ എന്തെന്ന് അധ്യക്ഷൻ തീരുമാനിക്കും. അതിനെ കുറിച്ച് നിങ്ങൾ ഖാർഗെ ജിയോടും സോണിയ ജിയോടും ചോദിക്കൂ' എന്നായിരുന്നു രാഹുലിന്‍റെ മറുപടി. രാഹുൽ മല്ലികാർജുൻ ഖാർഗെയെ അധ്യക്ഷനായി വിശേഷിപ്പിക്കുമ്പോൾ വോട്ടെണ്ണൽ പൂർത്തിയായിരുന്നില്ല.
ഇതിൽ വിശദീകരണവുമായി മുതിർന്ന നേതാവ് ജയ്റാം രമേശാണ് രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ഗതി എന്താകുമെന്ന് രാഹുൽ വാർത്തസമ്മേളനം നടത്തുന്ന സമയത്തു തന്നെ വ്യക്തമായിരുന്നെന്നും അതുകൊണ്ടാണ് രാഹുൽ അങ്ങനെ പറഞ്ഞതെന്നുമാണ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടുന്നത്.
'ഉച്ചയ്ക്ക് ഒരു മണിക്ക് അദോനിയിൽ ആരംഭിച്ച വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഖാർഗെ ജിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചതായി തെറ്റായ മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രസ് മീറ്റ് തുടങ്ങും മുമ്പ് തന്നെ വോട്ടെടുപ്പിന്റെ ദിശ വ്യക്തമായിരുന്നു എന്നതാണ് വസ്തുത' -അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.