ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് പരിഷ്‌കാരത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കിയാണ് സമിതിക്ക് രൂപം നൽകിയിരിക്കുന്നത് എന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ചാവും സമിതി പഠിക്കുക. സമിതിയിലെ മറ്റു അംഗങ്ങളുടെ പേരുകളും പുറത്തുവിട്ടിട്ടില്ല. വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകുമെന്നാണ് സൂചന. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്‍റെ നിർണായക നീക്കം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു 'രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ സുപ്രധാന ചുവട് വെപ്പ്.
ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബി.ജെ.പി മുന്നോട്ടുവെക്കുന്നുണ്ട്. നിലവിൽ ഓരോ സംസ്ഥാനത്തും കേന്ദ്രത്തിലും സർക്കാറുകളുടെ കാലാവധി കഴിയുന്നതിന് അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ വൻ സാമ്പത്തിക ചെലവ് ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ പറയുന്ന ന്യായം. പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് പാനല്‍ നേരത്തെ പരിശോധിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.