മുംബൈ: വിവാദ സിനിമ ‘ദ കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്ന് അകോലയിലുണ്ടായ വർഗീയ സംഘർഷം ആസൂത്രിതമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കലാണ് ലക്ഷ്യമെന്നും സംഘർഷം രാഷ്ട്രീയ പ്രേരിതമാണെന്നും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജനും സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചു.
ശനിയാഴ്ചയാണ് അകോല പൊലീസ് സ്റ്റേഷൻ പരിസരത്ത് സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ് ഒരാൾ മരിക്കുകയും രണ്ടു പൊലീസുകാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 120ഓളം പേർക്കെതിരെ കേസെടുത്ത പൊലീസ് മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് തടയാൻ പ്രദേശത്ത് ഞായറാഴ്ച ഇന്റർനെറ്റ് സേവനം റദ്ദാക്കി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്തുടനീളം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ‘ദ കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രവാചകനെ അപമാനിക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം പരാതിയുമായി എത്തിയപ്പോൾ തടിച്ചുകൂടിയവർ കല്ലെറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.