മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ അറസ്റ്റിലായത് ഏഴു പേർ

ഇംഫാൽ: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ 19കാരനടക്കം ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടുന്നത്. അറസ്റ്റ് വൈകിയത് മതിയായ തെളിവുകളുടെ ആഭാവത്താൽ ആണെന്നാണ് മണിപ്പൂർ പൊലീസിന്റെ വിശദീകരണം. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വമേധയാ ഇടപെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മണിപ്പൂർ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ് എന്ന ആളാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇതിന് പിന്നാലെ അരുൺ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് 22ന് 19കാരനടക്കം രണ്ടു പേർ അറസ്റ്റിലായി. കഴിഞ്ഞ വെള്ളിയാഴ്ച പ്രതിഷേധക്കാർ ഹെരോദാസ് സിങ്ങിന്‍റെ വീട് കത്തിച്ചിരുന്നു.

അതിനിടെ, മണിപ്പൂരിൽ കലാപം ആരംഭിച്ച ശേഷം കുക്കി വിഭാഗത്തിലെ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് വിവിധ സംഘടനകൾ പറയുന്നു. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിന്‍റെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘടനകളുടെ വെളിപ്പെടുത്തൽ.

എന്നാൽ, ഒരൊറ്റ ബലാത്സംഗം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ വാദം. 6068 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്‍റ്റർ ചെയ്തിട്ടുള്ളതെന്നും അതിൽ ഒന്ന് മാത്രമാണ് ബലാത്സംഗ കേസെന്നും അദ്ദേഹം ‘ഇന്ത്യ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - One more person was arrested in the case of stripping women naked in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.