ന്യൂഡൽഹി: ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനമായി ഇടംപിടിച്ച ആർ.എസ്.എസ് അജണ്ട ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ മൂന്നാമൂഴത്തിൽ നടപ്പാക്കാൻ നരേന്ദ്ര മോദിക്ക് കടമ്പകളേറെ. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിർപ്പ് വകവെക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാണിച്ചുവെങ്കിലും ഏറെ നിർണായകമായ ഭരണഘടന ഭേദഗതികൾക്ക് പാർലമെന്റും പകുതി സംസ്ഥാന നിയമസഭകളും അനുമതി നൽകേണ്ടതുണ്ട്.
സംസ്ഥാന സർക്കാറുകളുടെ അംഗീകാരമില്ലാതെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്ന ശിപാർശ രാംനാഥ് കോവിന്ദ് നൽകിയിട്ടുണ്ടെങ്കിലും വിഷയം നിയമയുദ്ധത്തിലേക്ക് നീങ്ങുന്നതിന് അത് വഴിവെക്കും. അഞ്ചു വർഷത്തേക്ക് വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തെരഞ്ഞെടുത്ത നിയമ നിർമാണ സഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. മറ്റു ചില സംസ്ഥാനങ്ങളുടെ കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്യേണ്ടിവരും.
ഉദാഹരണത്തിന് 2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ ഒന്നുകിൽ രണ്ടാം പിണറായി സർക്കാറിന്റെ കാലാവധി 2026ൽ നിന്ന് 29വരെയാക്കി മുന്ന് വർഷം ദീർഘിപ്പിക്കേണ്ടിവരും. അതല്ലെങ്കിൽ 2026ൽ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സർക്കാറിന്റെ കാലാവധി രണ്ടുവർഷത്തിലേറെ വെട്ടിച്ചുരുക്കേണ്ടിവരും. ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളുടെയും കാര്യത്തിൽ ചെയ്ത് ഒരിക്കൽ ഒറ്റ തെരഞ്ഞെടുപ്പായി നടത്തിയാലും കാലാവധി തീരും മുമ്പ് സർക്കാറുകൾ വീണാൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കേണ്ടിവരും. അവിശ്വാസ പ്രമേയം പാസായാലും അല്ലാതെ സർക്കാർ വീണാലും അവയുടെ കാലാവധി ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിന് അനുസൃതമായി രണ്ടും മൂന്നും നാലും വർഷങ്ങൾ വെട്ടിച്ചുരുക്കേണ്ടിയും വരും. അതോടെ, ആ നിയമസഭ തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന പണവും പാഴ്ചെലവാകും.
ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയുടെ നിലവിലുള്ള കേന്ദ്ര ഭരണം പോലെയുള്ള മുന്നണി ഭരണങ്ങളുടെ കാര്യമെടുക്കുക. കേന്ദ്ര സർക്കാർ വീണാൽ പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വരും. അപ്പോൾ അതിനൊപ്പം വീണ്ടും സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനാവില്ല. അഥവ നടത്തുകയാണെങ്കിൽ ഇത്തരം ക്രമീകരണങ്ങൾക്കെല്ലാം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ നിയമ നിർമാണം ആവശ്യമായി വരും. അവക്ക് 15 നിയമസഭകളുടെയെങ്കിലും അംഗീകാരവും വാങ്ങേണ്ടി വരും.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നിർദേശത്തെ രാംനാഥ് കോവിന്ദ് കമ്മിറ്റി മുമ്പാകെ എതിർപ്പ് അറിയിച്ചത് 15 രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബി.എസ്.പി, സി.പി.എം, സമാജ് വാദി പാർട്ടി. തൃണമൂൽ കോൺഗ്രസ്, സി.പി.ഐ, ഡി.എം.കെ, എ.ഐ.യു.ഡി.എഫ്, എ.ഐ.എം.ഐ.എം, നാഗ പീപ്ൾസ് ഫ്രണ്ട് തുടങ്ങിയവയാണ് നിർദേശം തള്ളിയത്.
ന്യൂഡൽഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’ പദ്ധതിക്കായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി നടത്തിയ ചർച്ചകളിൽ വിയോജിപ്പ് അറിയിച്ചവരിൽ ഉന്നതരും. മൂന്ന് മുൻ ഹൈകോടതി ചീഫ് ജസ്റ്റിസുമാരും ഒരു മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറും വിയോജിച്ചവരിൽപെടും. എന്നാൽ, കമ്മിറ്റി അഭിപ്രായം തേടിയ സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ, ജസ്റ്റിസ് യു.യു. ലളിത് എന്നിവർ മാറ്റത്തെ അനുകൂലിച്ചതായി കോവിന്ദ് പാനൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒമ്പത് ഹൈകോടതി മുൻ ജസ്റ്റിസുമാരും അനുകൂല സമീപനമാണ് സ്വീകരിച്ചത്.
ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പ്രകാശ് ഷാ എതിർപ്പ് അറിയിച്ചു. ഇത് ജനാധിപത്യ ആവിഷ്‍കാരത്തിന് തടസ്സമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. വോട്ടിങ് രീതിയിലെ പ്രശ്നങ്ങളും സംസ്ഥാനങ്ങളിലുണ്ടായേക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളും അദ്ദേഹം ഉന്നയിച്ചു. ജനപ്രതിനിധികൾക്ക് തടസ്സമില്ലാതെ സ്ഥാനത്ത് തുടരാൻ അവസരമൊരുക്കുന്നത് ജനാധിപത്യ തത്ത്വങ്ങൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന് അനുകൂലമല്ല എന്ന വിഷയമാണ് പദ്ധതി എതിർത്ത കൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ഗിരീഷ് ചന്ദ്ര ഗുപ്തയും ഉന്നയിച്ചത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതാവും മാറ്റമെന്ന് മദ്രാസ് ഹൈകോടതി മുൻ ജസ്റ്റിസ് സാൻജിബ് ബാനർജി പറഞ്ഞു. സമിതി കണ്ട നാല് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരും മാറ്റത്തെ അനുകൂലിച്ചു. തമിഴ്നാട് മുൻ തെരഞ്ഞെടുപ്പ് കമീഷണർ വി. പളനികുമാർ എതിർപ്പ് അറിയിച്ചു. പ്രാദേശിക പ്രശ്നങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടാനും പ്രാദേശിക ഭരണത്തിന്റെ പ്രാധാന്യം കുറയാനും നീക്കം കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്താൻ മതിയായ ആളില്ലാത്ത പ്രശ്നവും അദ്ദേഹം ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന് വൻ സന്നാഹം ആവശ്യമായ പദ്ധതിയാണിത്. അതിനാൽ നടപ്പാക്കാൻ പ്രായോഗിക പ്രശ്നങ്ങൾ ഏറെയുണ്ട്. തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയായി നടത്താൻ രാജ്യത്ത് മൂന്നിരട്ടി വോട്ടുയന്ത്രങ്ങളും വിവിപാറ്റുകളും വേണം. നിലവിലുള്ള 20 ലക്ഷത്തിന് പുറമെ, 40 ലക്ഷം കൂടി അധികം ഒരുക്കണം. ഒരുമിച്ച് സുരക്ഷാ സന്നാഹമൊരുക്കാൻ വലിയ ചെലവ് വരും. നടപ്പാക്കാൻ സമവായം വേണമെന്ന് പറഞ്ഞിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സമവായത്തിലെത്താതെ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി നൽകിയത് എന്തുകൊണ്ടാണ്?
രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് നടപ്പാകാൻ പ്രായോഗിക തടസ്സങ്ങളേറെയുണ്ട്. ഇടക്കിടെയുള്ള തെരഞ്ഞെടുപ്പ് ജനങ്ങളെ നേതാക്കളുമായി ബന്ധിപ്പിച്ചുനിർത്തും. തെറ്റ് തിരുത്താൻ അവസരം ലഭിക്കും. ഇടക്കിടെ തെരഞ്ഞെടുപ്പില്ലെങ്കിൽ അഞ്ചുവർഷം കഴിയാതെ ജനം എന്ത് ചിന്തിക്കുമെന്ന് പറയാനാവില്ല.
1967വരെ ഒരുമിച്ച് തന്നെയായിരുന്നു രാജ്യത്ത് തെരഞ്ഞെടുപ്പ്. അതിനുശേഷം ഇന്നുവരെ അവ പുനരാരംഭിക്കാനായില്ല. ഭരണഘടനാ ഭേദഗതി ബിൽ ഇരു സഭകളിലും പാസാക്കുക എളുപ്പമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.