കലാപനാളിൽ ഏവരെയും കരയിച്ച അയാൻ അമ്മാവൻ മുദ്ദസിർ ഖാെൻറ മാതാപിതാക്കൾക്കും പേരമക്കൾക്കുമൊപ്പംവർഷമൊന്നായിട്ടും മാഞ്ഞിട്ടില്ലാത്ത കരിയും പുകയുമേറ്റുകിടക്കുന്ന കെട്ടിടങ്ങളും ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന മനുഷ്യരെയും കടന്നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിലെത്തിയത്. മുസ്തഫാബാദ് നമ്മുടെ ഓർമകളിൽനിന്ന് മാഞ്ഞുപോയിട്ടുണ്ടാവണമെന്നില്ല.
കലാപകാരികൾ വെടിവെച്ചു കൊലപ്പെടുത്തിയ മുദ്ദസിർ ഖാെൻറ ദേഹത്തിനരികിൽ കണ്ണീർ വാർത്തു നിൽക്കുന്ന അയാൻ എന്ന ബാലെൻറ നാട്. നാടിെൻറയും കുടുംബത്തിെൻറയും പ്രിയപ്പെട്ടവനായിരുന്ന അമ്മാവെൻറ ദുരന്തവിയോഗം ഏൽപ്പിച്ച ആഘാതം ഇപ്പോഴും നിഴലിച്ചുനിൽക്കുന്നുണ്ട് ആ എട്ടാം ക്ലാസുകാരെൻറ മുഖത്ത്.
പിതാവിൽനിന്ന് പാരമ്പര്യമായി കിട്ടിയ പ്ലാസ്റ്റിക് കമ്പനി വിപുലമാക്കി നടത്തുകയായിരുന്നു മുദ്ദസിർ. അതിൽ നിന്ന് കിട്ടുന്ന സാമാന്യം ഭേദപ്പെട്ട വരുമാനംകൊണ്ട് ഭാര്യയും എട്ടു പെൺമക്കളുമടങ്ങിയ കുടുംബത്തെയും കൂട്ടുകുടുംബത്തെയും ചേർത്തുനിർത്തിയ ചരടാണ് മുദ്ദസിറിെൻറ വിയോഗത്തോടെ പൊട്ടിപ്പോയത്.
അകാലത്തിൽ തന്നെ ഏൽപിച്ചുപോയ പറക്കമുറ്റാത്ത മക്കളെയുംകൊണ്ട് ജീവിതത്തിെൻറ രണ്ടറ്റം മുട്ടിക്കാനുള്ള ഒാട്ടപ്പാച്ചിലിലാണ് വിധവ ഇംറാനയിപ്പോൾ.
അയാൻ ട്യൂഷൻ കഴിഞ്ഞെത്തിയ ഒരു വൈകുന്നേരത്താണ് മുദ്ദസിർ ഖാെൻറ വീട്ടിലേക്ക് കയറിെച്ചല്ലുന്നത്.
പഠനത്തെക്കുറിച്ചും ട്യൂഷനെ കുറിച്ചും വാചാലനായ അയാൻ അമ്മാവനെക്കുറിച്ച് ചോദിച്ചതോടെ മൗനത്തിലാണ്ടു. തന്നെ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിെൻറ അഭിലാഷമെന്നും അത് സഫലമാക്കാനുള്ള പരിശ്രമത്തിലാണെന്നും പഠനത്തിൽ മിടുക്കിയായ മൂത്ത മകൾ ശിഫ പറഞ്ഞു. സന്നദ്ധസംഘടനയായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ നൽകുന്ന പ്രതിമാസ സ്കോളർഷിപ്പുള്ളതിനാൽ സാമ്പത്തിക ഞെരുക്കത്തിനിടയിലും പഠനം മുന്നോട്ടുകൊണ്ടുപോകാമെന്ന ശുഭാപ്തിവിശ്വാസമുണ്ട്.
ബറേലിയിലെ വനിത മദ്റസ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്ന അനിയത്തിമാരായ സൽമയും മറിയവും പിതാവ് മരിച്ചതിൽ പിന്നെ അവിടേക്ക് പോയിട്ടില്ല. മുസ്തഫാബാദിലെ സ്കൂളിൽ ചേർന്ന് താനും മറിയവും പഠനം മുന്നോട്ടുകൊണ്ടുപോകുമെന്ന് സൽമ പറഞ്ഞു. ആറു മാസത്തെ ബ്യൂട്ടീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ഈ 13 വയസ്സുകാരി വിവാഹങ്ങൾക്ക് വധുക്കളെയൊരുക്കി ലഭിക്കുന്ന വരുമാനംകൊണ്ട് കുടുംബത്തിന് തന്നാലാവുംവിധം പിന്തുണയേകാമെന്ന് കണക്കുകൂട്ടുന്നു. കലാപശേഷം നിരവധി മലയാളികൾ സാമ്പത്തിക-മാനസിക പിന്തുണയുമായി എത്തിയത് മുദ്ദസിറിെൻറ പിതാവ് എടുത്തുപറഞ്ഞു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസല്ലാതെ സ്വന്തംനിലയിൽ ഒരു കേസും ഇൗ കുടുംബം നടത്തുന്നില്ല.
മുദ്ദസിർ വധക്കേസിൽ ഒരാൾപോലും നാളിതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമില്ല.
രാജ്യതലസ്ഥാന നഗരിയിൽ, ഭരണകൂടത്തിെൻറ കൺമുന്നിൽ നിയമപാലകരുടെ ഒത്താശയോടെ വംശീയാക്രമണം അരങ്ങേറിയിട്ട് ഫെബ്രുവരിയിൽ ഒരാണ്ട് തികയുന്നു. കൊലപാതകങ്ങളും അതിക്രമങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയവർ സ്വതന്ത്രരായി വിഹരിക്കുേമ്പാൾ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പൗരത്വ നിയമത്തിനെതിരെ വിരലുയർത്തിയ വിദ്യാർഥിനേതാക്കളും സാമൂഹിക പ്രവർത്തകരും മറ്റുമാണ് തടവറയിലാക്കപ്പെട്ടത്.
ഭരണകൂടവും നിയമപാലകരും കൈയൊഴിയുേമ്പാഴും ഉറച്ച മനസ്സോടെ പൊരുതി ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കലാപ ഇരകൾ. ആ മനുഷ്യർ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു എന്ന് 'മാധ്യമം' അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.