ഇംഫാൽ: നിരവധി പേരുടെ ജീവനെടുക്കുകയും ആയിരക്കണക്കിനാളുകൾ ഭവനരഹിതരാവുകയും ചെയ്ത മണിപ്പൂർ കലാപത്തിന് ഒരാണ്ട് പിന്നിടുന്നു. ഇംഫാൽ താഴ്വരയിൽ അധിവസിക്കുന്ന മെയ്തേയി വിഭാഗക്കാർ പട്ടികവർഗ പദവിക്കായി അവകാശമുന്നയിച്ചതിനെതിരെ മലയോര ജില്ലകളിലെ കുക്കി വിഭാഗക്കാർ നടത്തിയ ഗോത്ര ഐക്യദാർഢ്യ മാർച്ചാണ് കലാപത്തിന് തുടക്കമിട്ടത്.
തുടർന്ന് മെയ്തേയി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപമായി ഇത് മാറി. കഴിഞ്ഞ വർഷം മേയ് മൂന്നിന് തുടങ്ങിയ കലാപത്തിൽ 219 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി.
സംസ്ഥാനത്തെ മെയ്തേയി, കുക്കി, നാഗാ വിഭാഗങ്ങൾ കാലങ്ങളായി വിവിധ പ്രദേശങ്ങളിലാണ് കഴിഞ്ഞിരുന്നത്. മെയ്തേയി വിഭാഗം താഴ്വരയിലും കുക്കികൾ തെക്കൻ മലയോര ജില്ലകളിലും നാഗാ വിഭാഗക്കാർ വടക്കൻ മലകളിലും. ഇവർക്കിടയിൽ ശത്രുതാപരമായ വിഭജനമുണ്ടായിരുന്നില്ല.
എന്നാൽ, കഴിഞ്ഞ മേയ് മൂന്നിന് സ്ഥിതി മാറി. ഇപ്പോൾ കുക്കികൾ മുഴുവൻ താഴ്വരയിൽ കേന്ദ്രീകരിച്ചപ്പോൾ കുക്കികൾ പൂർണമായി മലമുകളിലേക്ക് മാറി. സദാസമയവും റോന്തുചുറ്റുന്ന സായുധ വാഹനങ്ങളും സൈനികരും മണൽച്ചാക്ക് നിരത്തിയ ബങ്കറുകളുമാണ് ഇപ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലും കാണുന്നത്.
ജനങ്ങൾക്കിടയിൽ മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും ഉദ്യോഗസ്ഥരിലും ഭിന്നത രൂപപ്പെട്ടുകഴിഞ്ഞു. സംസ്ഥാനം രണ്ട് ദശാബ്ദത്തോളം പിന്നാക്കം പോയെന്നാണ് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 53 ശതമാനം മെയ്തേയി വിഭാഗമാണ്. കുക്കി, നാഗാ വിഭാഗങ്ങൾ 40 ശതമാനത്തിലധികമുണ്ട്.
അതിനിടെ, മണിപ്പൂരിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി ഏഴ് വനിതകൾ തല മുണ്ഡനം ചെയ്ത് സൈക്കിൾ റാലി നടത്തി. ഗ്രാമപ്രദേശമായ സെക്മായിൽനിന്ന് ഇംഫാലിലെ കംഗ്ലയിലേക്ക് 19 കിലോമീറ്റർ ദൂരമാണ് ഇവർ സഞ്ചരിച്ചത്.
ചുരാചാന്ദ്പൂർ, കാങ്പോക്പി മാല പ്രദേശങ്ങളിൽനിന്ന് ഇംഫാൽ താഴ്വരയിലെ ജനങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ തടയുന്നതിൽ സർക്കാറിന്റെ നിസ്സംഗതക്കെതിരെയാണ് തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധമെന്ന് സംഘത്തിലുണ്ടായിരുന്ന ശാന്തി എന്ന വനിത പറഞ്ഞു. തങ്ങൾക്ക് മടുത്തുവെന്നും സമാധാനമാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.