ശ്രീനഗർ: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബി.ജെ.പിക്ക് വെല്ലുവിളിയുയർത്താൻ കോൺഗ്രസിനു മാത്രമേ സാധിക്കൂവെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. കേന്ദ്രഭരണപ്രദേശമായ ഡൽഹിയിൽ മാത്രമൊതുങ്ങുന്ന ഒരു പാർട്ടിയാണ് ആം ആദ്മി പാർട്ടിയെന്നും ഗുലാം നബി പറഞ്ഞു.
ദശാബ്ദങ്ങളായുള്ള ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ നിന്ന് പുറത്തുവന്ന ഗുലാംനബി ആസാദ്, താൻ പാർട്ടിയുടെ മതേതര ആശയങ്ങൾക്ക് എതിരല്ലെന്നും പാർട്ടി ഘടനയുടെ ദുർബലാവസ്ഥയോടുള്ള എതിർപ്പ് മാത്രമാണുള്ളതെന്നും വിശദീകരിച്ചു.
ശ്രീനഗറിൽ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലും ഹിമാചലിലും കോൺഗ്രസ് നന്നായി പോരാടി ജയിക്കണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന് എ.എ.പിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിന് സംസ്ഥാന പദവി വീണ്ടും നൽകുമെന്ന് നിർമല സീതാരാമൻ സൂചന നൽകിയതിനെ കുറിച്ച് പറഞ്ഞപ്പോൾ, ഇക്കാര്യം താൻ പലതവണ കേന്ദ്ര സർക്കാറിന് മുന്നിൽ വച്ചിരുന്നെന്നും അത് നടപ്പാക്കുകയാണെങ്കിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 26നാണ് ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ഒക്ടോബറിൽ ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിനോടുള്ള അസംതൃപ്തിയായിരുന്നു ഗുലാംനബിയുടെ രാജിയിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.