പുതുച്ചേരിയിൽ 2 പേർക്ക് കൂടി ഒമിക്രോൺ : പുതുവത്സരാഘോഷങ്ങളിൽ വാക്സിനെടുത്തവർക്ക്​ മാത്രം അനുമതി

പുതുച്ചേരി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും മാളുകളിലും സിനിമാശാലകളിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനാനുമതി നൽകണമെന്ന നിർദ്ദേശവുമായി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ ജി. ശ്രീരാമുലു. പ്രധാന മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് അടുത്ത മാസം മുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ആരംഭിക്കും. 15 മുതൽ 18 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് സ്കൂളുകളിൽ നിന്ന് വാക്സിൻ നൽകാൻ സംവിധാനമൊരുക്കും. പഠനം ഉപേക്ഷിച്ച കുട്ടികൾക്ക് അവരുടെ വീടുകളിലെത്തി വാക്സിൻ നൽകാൻ പദ്ധതിയൊരുക്കുന്നതായും ശ്രീരാമുലു പറഞ്ഞു.

പുതുച്ചേരിയിൽ ആദ്യമായി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 80-കാരനും, വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 20-കാരിയായ യുവതിക്കുമാണ് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായും, സാമ്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യ വകുപ്പ് ഡയറക്ടർ ശ്രീരാമുലു അറിയിച്ചു.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വമ്പൻ പരിപാടികൾ നടത്താൻ സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഒമിക്രോൺ സ്ഥിരീകരണം. ഡിസംബർ 30, 31, ജനുവരി 1 തീയതികളിൽ ഓൾഡ് പോർട്ട്, പാരഡൈസ് ബീച്ച് തുടങ്ങിയ ജനപ്രിയ ഇടങ്ങളിൽ ദേശീയ പ്രശസ്ത ബാൻഡുകളുടെ 40-ലധികം സംഗീത കച്ചേരികളും മറ്റ് തത്സമയ പ്രകടനങ്ങളും നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ജനുവരി 4 മുതൽ 7 വരെ പുതുച്ചേരിയിൽ 27-ാമത് അന്താരാഷ്‌ട്ര യോഗ ഫെസ്റ്റിവൽ നടത്താനും സർക്കാർ പദ്ധതിയുണ്ടായിരുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളെ എത്തിക്കാൻ പ്രത്യേക ബസുകൾ സർവീസ് നടത്താനും, സുരക്ഷ ഒരുക്കുന്നതിന് മുനിസിപ്പൽ, പൊലീസ്, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകുമെന്നും ടൂറിസം മന്ത്രി കെ. ലക്ഷ്മി നാരായണൻ അറിയിച്ചിരുന്നു.

ഒമ്പത് കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ റിപ്പോർട്ട് ചെയ്തത്. പുതുച്ചേരിയിൽ രണ്ട് കേസുകളും, കാരയ്ക്കലിൽ നാല്, മാഹിയിൽ മൂന്നും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 119 സജീവ കേസുകളാണ് ഇവിടെയുള്ളത്, അതിൽ 38 രോഗികൾ ആശുപത്രിയിലും 81 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്.

Tags:    
News Summary - Only fully vaccinated people allowed to enter New Year celebrations in Puducherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.