ലഖ്നോ: ഉത്തർപ്രദേശിൽ പൊലീസ് സംരക്ഷണ വലയത്തിൽ വെടിയേറ്റു മരിച്ച മുൻ എം.പി അതീഖ് അഹ്മദിനെപ്പോലെ, തന്നെയും ആരെങ്കിലും വെടിവെച്ചു കൊലപ്പെടുത്താൻ മാത്രമേ ബാക്കിയുള്ളൂ എന്ന് സമാജ് വാദി പാർട്ടി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ അഅ്സംഖാൻ. അതീഖിനെ ഇല്ലാതാക്കിയ പോലെ തന്നെയും തന്‍റെ കുടുംബത്തെയും ഇല്ലാതാക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും ഉത്തർ പ്രദേശിലെ പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് എന്നിൽ നിന്നും, എന്റെ മകനിൽ നിന്നും, എന്റെ കുടുംബത്തിൽ നിന്നും, എന്റെ ഭാര്യയിൽ നിന്നും മറ്റെന്താണ് വേണ്ടത്?... ആരെങ്കിലും വന്ന് എന്റെ തലയിൽ വെടിവെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?. ഇനി അത് മാത്രമേ ബാക്കിയുള്ളു". വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അയോഗ്യനാക്കപ്പെട്ട എം.എൽ.എയും ഭൂമി കൈയേറ്റ കേസിൽ ജാമ്യം ലഭിക്കുന്നതിന് മുമ്പ് രണ്ട് വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്ത ഖാൻ പറഞ്ഞു.
ദീർഘനാളായി അസുഖബാധിതനായ അഅ്സം ഖാൻ, രാംപൂർ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ഫാത്തിമ സാബിക്ക് വേണ്ടി പ്രചാരണത്തിനായി ഏറെ നാളുകൾക്ക് ശേഷമാണ് പൊതു രംഗത്തെത്തിയത്.
2019ലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാംപൂരിൽ നിയമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനായിരുന്നു ഖാനെതിരെ കേസ് എടുത്തത്.
സുവാർ നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായ, അദ്ദേഹത്തിന്റെ മകൻ അബ്ദുല്ല അഅ്സമും അയോഗ്യനാക്കപ്പെട്ടിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു അയോഗ്യനാക്കൽ. മേയ് 10നാണ് ഈ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.