കോണ്‍ഗ്രസിനെ കൂടാതെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ല -ശിവസേന

മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ ദേശീയതലത്തില്‍ പ്രതിപക്ഷ സഖ്യം പൂര്‍ണമാകില്ലെന്ന് ശിവസേന. പ്രതിപക്ഷ സഖ്യത്തിനായുള്ള ശ്രമം നടക്കുകയാണ്. ശക്തമായ ഒരു ബദല്‍ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസ് ഒഴികെ എട്ട് പ്രതിപക്ഷ കക്ഷികള്‍ എന്‍.സി.പി നേതാവ് ശരദ് പവാറിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായ സാഹചര്യത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസില്ലാത്ത ഒരു മൂന്നാംമുന്നണിയുടെ ആവശ്യമല്ല ഇപ്പോഴുള്ളതെന്ന് റാവുത്ത് പറഞ്ഞു. ശരദ് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സാമ്‌നയിലൂടെ ശിവസേനയും ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞതാണ്. സഖ്യത്തില്‍ കോണ്‍ഗ്രസിന് നിര്‍ണായക പങ്കുണ്ട്. ശക്തമായ ബദലാവാനാണ് ശ്രമം. എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കാനാണ് ശ്രമം തുടരുന്നത്. കോണ്‍ഗ്രസ് അതിലേക്കെത്താതെ സഖ്യം പൂര്‍ണമാകില്ല -സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലാണ് എട്ട് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി, എന്‍.സി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍.എല്‍.ഡി, എസ്.പി, സി.പി.ഐ, സി.പി.എം കക്ഷികള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിനെയും ക്ഷണിച്ചുവെങ്കിലും ആരും പങ്കെടുത്തില്ലെന്നാണ് വിശദീകരണം.

ബി.ജെ.പിക്കെതിരെ ഭാവിയില്‍ ഒരു ബദല്‍ സഖ്യം രൂപീകരിക്കണമെങ്കില്‍ കോണ്‍ഗ്രസിനെ ചേര്‍ത്തുനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ശരദ് പവാറും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Opposition alliance at national level incomplete without Cong: Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.