ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെതിരെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും അടക്കം ഒമ്പത് പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച ഇവർ, ബി.ജെ.പിയുടെ ഏകാധിപത്യത്തിന് കീഴിൽ ജനാധിപത്യമൂല്യങ്ങൾ ഭീഷണിയിലാണെന്ന ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ സംശയങ്ങളെ ബലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി.
ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, എൻ.സി.പി, ശിവസേന, നാഷനൽ കോൺഫറൻസ്, ബി.ആർ.എസ് പാർട്ടികളുടെ നേതാക്കൾ ഒപ്പിട്ട കത്തിൽ കോൺഗ്രസ്, ഇടത് പാർട്ടി നേതാക്കൾ ഒപ്പുവെച്ചിട്ടില്ല.ഡൽഹി ഉപമുഖ്യമന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ വേട്ടയുടെ ഉദാഹരണമായി ഉയർത്തിക്കാണിക്കപ്പെടുമെന്നും കേന്ദ്ര ഏജൻസികളുടെ നിർലജ്ജമായ ദുരുപയോഗം ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്കുള്ള മാറ്റമാണ് കാണിക്കുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തി.
ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന കാര്യം മോദി അംഗീകരിക്കുമെന്ന് കരുതുമെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. പ്രതിപക്ഷത്തുള്ളവർക്കെതിരെ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക് നാം മാറുകയാണെന്നാണ് കാണിക്കുന്നത്. 2014 മുതൽ മോദിയുടെ ഭരണത്തിൻകീഴിൽ അന്വേഷണ ഏജൻസികളുടെ കേസിനും അറസ്റ്റിനും റെയ്ഡിനും ചോദ്യംചെയ്യലിനും ഏറ്റവും കൂടുതൽ ഇരയായത് പ്രതിപക്ഷത്തുള്ളവരാണ്.
അതേസമയം, ബി.ജെ.പിയിൽ ചേർന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസുകളിൽ അന്വേഷണ ഏജൻസികളുടെ മെല്ലെപ്പോക്ക് തുടരുകയാണ്. മുൻ കോൺഗ്രസ് നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വശർമ 2014ലും 2015ലും ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണം നേരിട്ടിരുന്നു. എന്നാൽ, ശർമ ബി.ജെ.പിയിൽ ചേർന്നതോടെ കേസിൽ പുരോഗതിയില്ലാതായി. മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കളായ സുവേന്ദു അധികാരിയും മുകുൾ റോയിയും നാരദ ഒളികാമറ ഓപറേഷൻ കേസിൽ സി.ബി.ഐയുടെയും ഇ.ഡിയുടെയും അന്വേഷണത്തിലായിരുന്നു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവർ ബി.ജെ.പിയിൽ ചേർന്നതിനാൽ ആ കേസുമില്ലാതായി. ഇതുപോലെ നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാക്കൾ മോദിയെ ഓർമപ്പെടുത്തി.ഏറെ നാൾ വേട്ടയാടിയശേഷം ഫെബ്രുവരി 26ന് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത് തെളിവിന്റെ അംശം പോലുമില്ലാത്ത ക്രമക്കേട് ആരോപിച്ചാണ്. സിസോദിയക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സിസോദിയയുടെ അറസ്റ്റ് രാജ്യമൊട്ടുക്കും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ടെന്നും കത്തിലുണ്ട്.
ആം ആദ്മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനും പുറമെ എൻ.സി.പി നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവു, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ, മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ല എന്നിവരാണ് പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.