ന്യൂഡൽഹി: ബിഹാറിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ഫോട്ടോ സെഷനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസം. രാജ്യത്ത് പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്നും ഈ ആശയവുമായി ജനങ്ങളെ സമീപിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൂറിലധികം സീറ്റുകൾ നേടി ജയിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജമ്മുവിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"ഇന്ന് പട്നയിൽ ഒരു ഫോട്ടോ സെഷൻ നടക്കുകയാണ്. ബി.ജെ.പിയെയും, എൻ.ഡി.എയെയും, നരേന്ദ്ര മോദിയെയും വെല്ലുവിളിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സാധ്യമല്ല. ഇനി ഇവരെല്ലാം ഒരുമിച്ച് ജനങ്ങൾക്ക് മുമ്പിലെത്തിയാലും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൂറിലധികം സീറ്റുകൾ നേടി വിജയിക്കുക തന്നെ ചെയ്യും" -അമിത് ഷാ പറഞ്ഞു.
അതേസമയം ഒറ്റക്ക് നരേന്ദ്ര മോദിയെ തോൽപ്പിക്കാനാകില്ലെന്ന് പരസ്യമായി വെളിപ്പെടുത്തിയ കോൺഗ്രസിന് നന്ദി പറയുന്നു എന്നായിരുന്നു കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ സ്മൃതി ഇറാനിയുടെ പരാമർശം. പശ്ചിമ ബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പട്നയിൽ നടക്കുന്ന യോഗം അഴിമതി പാർട്ടികളുടെതാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
പതിനഞ്ചിലധികം പ്രതിപക്ഷ പാർട്ടികളാണ് പട്നയിലെ യോഗത്തിന് എത്തിച്ചേർന്നിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരിക്കുന്നത്.
ബി.ജെ.പിക്കെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ബി.ജെ.പി രാജ്യത്ത് വെറുപ്പും വിദ്വേഷവും ആക്രമവും അഴിച്ചുവിട്ട് രാജ്യത്തെ തകർക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് കോൺഗ്രസിന്‍റെ ഭാരത് ജോഡോയും ബി.ജെ.പിയുടെ ഭാരത് തോഡോയും തമ്മിലുള്ള പ്രത്യയശാസ്ത്ര യുദ്ധമാണ് നടക്കുന്നതന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.