ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധൻഖറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യസഭയിലെ ചര്‍ച്ചകളില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചാണ് നോട്ടീസ് നൽകിയത്. രാജ്യസഭാ സെക്രട്ടറി പി.സി. മോദിക്കാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും നസീര്‍ ഹുസൈനും നോട്ടീസ് നല്‍കിയത്.
കോൺഗ്രസ്, ആർ.ജെ.ഡി, സി.പി.ഐ, സി.പി.എം, ജെ.ജെ.എം, എ.എ.പി, ഡി.എം.കെ എന്നീ പാർട്ടികളിൽ നിന്ന് 60തോളം എം.പിമാർ നോട്ടീസിൽ ഒപ്പ് വെച്ചിട്ടുണ്ട്. എന്നാൽ, ഭരണഘടനാ പദവികൾ വഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കൾ നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ലെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി, വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഫ്‌ളോർ ലീഡർമാർ എന്നിവരും ഒപ്പിട്ടട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
സോണിയാ ഗാന്ധിയും വ്യവസായി ജോർജ് സോറസും തമ്മിലുള്ള ബന്ധം ഉൾപ്പെടെ പല വിഷയങ്ങളിലെ തർക്കത്തെ തുടർന്ന് ഇരുസഭകളും പിരിഞ്ഞതിനു പിന്നാലെയാണ് നോട്ടീസ് സമർപ്പിച്ചത്. അവിശ്വാസം വിജയിക്കില്ലെന്നും എന്നാൽ പാർലമെന്‍ററി ജനാധിപത്യത്തിനായി പോരാടാനുള്ള ശക്തമായ സന്ദേശമാണിതെന്നും എം.പിമാർ പറയുന്നു. പ്രതിപക്ഷ പാർട്ടികളും രാജ്യസഭാ ചെയർമാനുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.