പൊളിച്ച കെട്ടിടങ്ങൾ കണ്ട് മടങ്ങുന്ന മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബശീർ, അബ്ദുസമദ് സമദാനി, നവാസ് ഗനി, യൂത്ത് ലീഗ് നേതാവ് അഡ്വ. ഫൈസൽ ബാബു എന്നിവർ

ജഹാംഗീർപുരിയിലേക്ക് പ്രതിപക്ഷ പ്രവാഹം:ഇരകളെ കാണാൻ അനുവദിക്കാതെ ഡൽഹി പൊലീസ്

ന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്ര അക്രമത്തിൽ കലാശിച്ചതിനെ തുടർന്ന് മുനിസിപ്പൽ കോർപറേഷൻ ബുൾഡോസറുകൾ ഇറക്കി ഇടിച്ചുപൊളിച്ച ജഹാംഗീർപുരിയിലേക്ക് പ്രതിപക്ഷ നേതാക്കളുടെ പ്രവാഹം. ഇരകളെ കാണാനെത്തിയ മുസ്ലിംലീഗ്, സി.പി.ഐ, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നേതാക്കളെ ഡൽഹി പൊലീസ് തടഞ്ഞു. നിയമവിരുദ്ധമായ ഇടിച്ചുപൊളിക്കൽ ജനങ്ങൾ അറിയാതിരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആജ്ഞ നടപ്പാക്കുകയാണ് ഡൽഹി പൊലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇരകളെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ സി.പി.ഐ കേന്ദ്ര നേതാക്കൾ ഡി.സി.പി ഉഷ രംഗ്നാനിയുമായി വാക്കുതർക്കത്തിലേർപ്പെട്ടു.

മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ മൂന്ന് മുസ്ലിംലീഗ് എം.പിമാർ അടങ്ങുന്ന സംഘത്തിന്‍റെ വരവോടെയാണ് പ്രതിപക്ഷ നേതാക്കളുടെ ഒഴുക്ക് തുടങ്ങിയത്. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു, എക്സിക്യൂട്ടിവ് അംഗം ഷിബു മീരാൻ എന്നിവരടങ്ങുന്ന സംഘത്തെ റാണി കന്യാ വിദ്യാലയത്തിനു മുന്നിൽെവച്ച് പൊലീസ് തടഞ്ഞു.

ഡൽഹി പൊലീസ് എസ്.പി സുധീർ കുമാറുമായി ചർച്ച നടത്തിയതിനെ തുടർന്ന് ഇരകളുമായി സംസാരിക്കരുത് എന്ന ഉപാധിയിൽ ആറ് പേർക്ക് സംഭവസ്ഥലത്തേക്ക് പോകാൻ അനുമതി നൽകി. സംഭവങ്ങൾക്ക് തുടക്കം കുറിച്ച ജാമിഅ മസ്ജിദ് മുറ്റത്തെത്തിയ നേതാക്കൾ ബുൾഡോസറുകൾ തകർത്തെറിഞ്ഞ കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നേരിൽ കണ്ടു.

അതിന് ശേഷം വന്ന പ്രതിപക്ഷ നേതാക്കളെ ലീഗ് നേതാക്കൾ പോയ സ്ഥലത്തേക്ക് പോലും കടത്തിവിടാതെ ബാരിക്കേഡും പൊലീസ് സന്നാഹവും നിരത്തി തടഞ്ഞു. ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനെയും തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രദേശം കാണാൻപോലും അനുവദിക്കാതെ തിരിച്ചയച്ചു. പിന്നീട് സി.പി.ഐ ജനറൽ സെക്രട്ടറി എ. രാജയുടെ നേതൃത്വത്തിൽ വന്ന ബിനോയ് വിശ്വം എം.പി, ആനിരാജ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തെയും ബലംപ്രയോഗിച്ച് തടഞ്ഞു. ഡി. രാജയും ബിനോയ് വിശ്വവും ആനിരാജയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധം തുടങ്ങിയതോടെ ഇത് സമരസ്ഥലമല്ലെന്നും ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഡി.സി.പി ഉഷ രംഗ്നാനി രംഗത്തെത്തി.

പൊലീസ് തടഞ്ഞതിൽ പ്രതിഷേധിക്കുന്ന ജനറൽ സെക്രട്ടറി ഡി. രാജ , ബിനോയ് വിശ്വം എം.പി. ആനി രാജ അടക്കം സി.പി.ഐ കേന്ദ്ര നേതാക്കൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് അമിത് ഷായുടെ ആജഞ നടപ്പാക്കിയാണ് നിയമവിരുദ്ധമായി പാവങ്ങളുടെ ജീവിതോപാധികൾ ഇടിച്ചുനിരത്തിയതെന്നും അത് മറച്ചുപിടിക്കാനാണ് എം.പിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ നിയമവിരുദ്ധമായി തടയുന്നതെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

Tags:    
News Summary - Opposition party flow to Jahangirpuri: Delhi Police not allowing victims to be seen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.