ന്യൂഡൽഹി: ആറ് കോൺഗ്രസ് എം.പിമാരുടെ സസ്പെൻഷനെതിരെ പ്രതിപക്ഷം പാർലമെൻറിനകത്തും പുറത്തും പ്രതിഷേധവുമായി രംഗത്തുവന്നു. പാർലമെൻറിന് മുന്നിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ നടത്തിയ യു.പി.എ എം.പിമാർ പിന്നീട് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ നടപടികൾ സ്തംഭിപ്പിച്ചു.
ആൾക്കൂട്ട ആക്രമണം ചർച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് സഭാരേഖകൾ കീറിയെറിഞ്ഞ, കേരളത്തിൽ നിന്നുള്ള രണ്ടുപേരടക്കം ആറ് കോൺഗ്രസ് എം.പിമാരെയാണ് സ്പീക്കർ സുമിത്ര മഹാജൻ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. രാവിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ നടത്തിയ ധർണയിൽ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എം.പിമാർക്ക് പുറമെ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ജനതാദൾ -യു, മുസ്ലിം ലീഗ് തുടങ്ങി മറ്റ് പ്രതിപക്ഷകക്ഷികളുടെ എം.പിമാരും പെങ്കടുത്തു.
രാവിലെ ചേർന്ന പാർലമെൻറിെൻറ ഇരുസഭകളും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സഭാരേഖകൾ മേശപ്പുറത്തുവെച്ച ശേഷം രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കായി പിരിഞ്ഞു. തുടർന്ന് മൂന്ന് മണിക്ക് സഭ ചേർന്നപ്പോൾ ആറ് കോൺഗ്രസ് എം.പിമാരുെട സസ്പെൻഷൻ പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യം വീണ്ടും ബഹളത്തിൽ കലാശിച്ചു. കോൺഗ്രസ് സഭാനേതാവ് മല്ലികാർജുൻ ഖാർഗെ ഇൗ ആവശ്യമുന്നയിച്ചപ്പോൾ പാർലമെൻററികാര്യമന്ത്രി അനന്ത്കുമാറിെൻറ നേതൃത്വത്തിൽ ഭരണകക്ഷി അംഗങ്ങൾ ഇതിനെ എതിർത്ത് ബഹളം വെച്ചു.
സ്പീക്കർ എം.പിയായിരിക്കുന്ന വേളയിൽ സഭയിൽ ഇത്തരം പ്രതിപക്ഷബഹളം മുമ്പും ഉണ്ടായിട്ടുണ്ടെന്നും വിശാലത കാണിച്ച് വിട്ടുവീഴ്ച ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. എന്നാൽ, വനിതയായ സ്പീക്കറുടെ മുഖത്തേക്ക് രേഖകൾ കീറിയെറിഞ്ഞവർക്കെതിരായ സസ്പെൻഷൻ ന്യായമാണെന്നും അതൊരിക്കലും പിൻവലിക്കരുതെന്നും അനന്ത്കുമാർ അഭ്യർഥിച്ചു. ഖാർഗെയെ പിന്തുണച്ച് രംഗത്തുവന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയിയും സി.പി.എം നേതാവ് മുഹമ്മദ് സലിമും സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും സ്പീക്കർ സന്നദ്ധയായില്ല. ബഹളത്തിനിടയിൽ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ െഎ.െഎ.െഎ.ടി ബിൽ അവതരിപ്പിച്ചെങ്കിലും സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ആവശ്യം അംഗീകരിക്കാതെ സ്പീക്കർ സഭ നിർത്തിവെക്കുകയാണെന്ന് അറിയിച്ചു. അതേസമയം, രാജ്യസഭയിൽ പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കർഷകസമരം ചർച്ചക്കെടുത്തു. ആൾക്കൂട്ട ആക്രമണം കഴിഞ്ഞയാഴ്ച രാജ്യസഭ ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.