ശിവജി പ്രതിമ തകർന്നതിൽ മുംബൈയിൽ ‘ചെരുപ്പടി’ പ്രതിഷേധവുമായി പ്രതിപക്ഷം

മുംബൈ: സിന്ധുദുർഗ് ജില്ലയിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ മഹാ വികാസ് അഘാഡി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷം പ്രക്ഷോഭത്തെ ‘ചെരുപ്പുകൾ കൊണ്ട് അടിക്കൽ’ എന്നർഥം വരുന്ന ‘ജോഡെ മാരോ’ എന്നാണ് വിശേഷിപ്പിച്ചത്. കയ്യിൽ വലിയ ചെരുപ്പുകൾ ഏന്തിക്കൊണ്ടായിരുന്നു ഇത്.

മെഗാ പ്രതിഷേധത്തിൽ ശിവസേന തലവൻ ഉദ്ധവ് താക്കറെ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ, എൻ.സി.പി നേതാവ് ശരദ് പവാർ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുത്തു. ഫോർട്ട് ഏരിയയിലെ ഹുതാത്മ ചൗക്കിൽനിന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്കുള്ള മാർച്ചി​ന്‍റെ പശ്ചാത്തലത്തിൽ ഏകനാഥ് ഷിൻഡെ സർക്കാർ വൻ സുരക്ഷയാണ് ഒരുക്കിയത്. പ്രതിഷേധ മാർച്ചിന് മുംബൈ പോലീസ് അനുമതി നൽകിയിരുന്നില്ല. മുതിർന്ന നേതാക്കൾക്ക് മാത്രമാണ് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് പോകാൻ അനുവാദം നൽകിയത്. വൻ പോലീസ് സന്നാഹം ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ തടിച്ചുകൂടി. ക്രമസമാധാനം ചൂണ്ടിക്കാട്ടി സ്മാരകം വിനോദ സഞ്ചാരികൾക്കു മുന്നിൽ അടച്ചിട്ടു.

‘മഹാരാഷ്‌ട്രയുടെ അഭിമാനം ഉണർത്താൻ ശിവജിയുടെ കാൽക്കൽ വണങ്ങാൻ വരുന്നതായി’ മാർച്ചിൽ അണിചേരാൻ ആളുകളെ ആഹ്വാനം ചെയ്തുകൊണ്ട് ശിവസേന ട്വീറ്റ് ചെയ്തു. അഴിമതിക്കാരായ ശിവദ്രോഹികളോട് മാപ്പില്ലെന്ന് എൻ.സി.പിയിലെ ശരദ് പവാർ വിഭാഗം പ്രസ്താവിച്ചു. നികൃഷ്ട പ്രവൃത്തിയും അഴിമതിയും നിറഞ്ഞവരും ശിവജിയെ അപമാനിച്ചവരുമായവരെ പാഠം പഠിപ്പിക്കാനാണ് ജാഥ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം അറിയിച്ചു.

എട്ടു മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ശിവജി പ്രതിമ തകർന്നത് മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാന സർക്കാരി​ന്‍റെ ഏകോപനത്തോടെ നാവികസേനയാണ് പദ്ധതി കൈകാര്യം ചെയ്തത്. പദ്ധതിയുടെ സ്ട്രക്ചറൽ കൺസൾട്ടന്‍റിനെയും കരാറുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം, മനഃപൂർവമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Opposition's 'hit with footwear' protest in Mumbai over Shivaji statue collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.