ചൈനയുടെ പേരു പറയാൻ പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി:ചെ​ങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചൈനയുടെ പേര്​ പരാമർശിക്കാതെ താക്കീത്​ ചെയ്​ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് വീണ്ടും ആക്രമിച്ചു. ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയിരിക്കുന്ന ചൈനീസ് സേനയെ എങ്ങനെ തുരത്തുമെന്ന്​ സർക്കാർ ജനങ്ങൾക്ക്​ മുന്നിൽ വ്യക്തമാക്ക​െണമെന്ന്​ കോൺഗ്രസ്​ മുഖ്യ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല ആവശ്യപ്പെട്ടു.

സർക്കാരിൻെറ 'ആത്മനിർഭർ' (സ്വയാരശയം) എന്ന മുദ്രാവാക്യത്തെ വിമർശിച്ച സുർജേവാല, 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും റെയിൽവേയും വിമാനത്താവളങ്ങളും സ്വകാര്യ നടത്തിപ്പിന്​ കൈമാറുകയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമെല്ലാം കയ്യൊഴിയുകയും ചെയ്​ത സർക്കാറിന്​ എങ്ങനെയാണ്​ രാജ്യത്തിൻെറ സ്വാതന്ത്ര്യം നിലനിർത്താനാവുകയെന്നും ചോദിച്ചു.

''രാജ്യത്തെ സായുധ, അർദ്ധസൈനിക, പൊലീസ് സേനാ ശക്തിയിൽ എല്ലാവരും അഭിമാനിക്കുന്നു. അതിൽ 130 കോടി ഇന്ത്യക്കാരും എല്ലാ കോൺഗ്രസ് പ്രവർത്തകരും അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ രാജ്യത്തിനെതിരായി ആക്രമണം നടന്നപ്പോഴെല്ലാം അവർ ഉചിതമായ മറുപടി നൽകി. എന്നാൽ ചൈനയുടെ പേര്​ പറയാൻ ഭരണാധികാരികൾ ഭയക്കുന്നതെന്തുകൊണ്ട്​ എന്ന്​ നമ്മൾ ചിന്തി​ക്കണം. ഇന്ന്, ചൈന നമ്മുടെ പ്രദേശം കൈവശപ്പെടുത്തിയിരിക്കുമ്പോൾ, ചൈനീസ് സേനയെ തുരത്താനും അതിർത്തി സംരക്ഷിക്കാനും എന്താണ്​ സർക്കാർ ചെയ്യുന്നതെന്ന്​ നമ്മൾ ചോദിക്കണ​ം''- ഡൽഹി പാർട്ടി ആസ്ഥാനത്ത് നടന്ന പതാക ഉയർത്തൽ ചടങ്ങിന് ശേഷം രൺദീപ് സിങ്​ സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചൈനക്കും പാകിസ്​താനും താക്കീത്​ നൽകിയ പ്രധാനമന്ത്രി, ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നവർക്ക് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സായുധ സേന ഉചിതമായ മറുപടി നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇരു രാജ്യങ്ങളുടെയും പേരുകൾ പരാമർശിച്ചില്ല.

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, സ്വാതന്ത്ര്യസമര സേനാനികൾ എന്നിവർ അടിത്തറയിട്ട 'ആത്മനിർഭർ' എന്നതിനെക്കുറിച്ച് സംസാരിക്കുന്നവർ, 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു. റെയിൽ‌വേയും വിമാനത്താവളങ്ങളും കൈമാറിയ സർക്കാർ എങ്ങനെയാണ്​ ഈ രാജ്യത്തിൻെറ സ്വാതന്ത്ര്യം സംരക്ഷിക്കുക. നാമെല്ലാവരും ആ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നവർക്കെതിരായ നിർണായക പോരാട്ടത്തി​െൻറ ഭാഗമാകുമെന്ന്​ പ്രതിജ്ഞയെടുക്കണം. അതാണ്​ യഥാർത്ഥ ദേശീയതയെന്നും സുർജേവാല കൂട്ടിച്ചേർത്തു.

പതാക ഉയർത്തൽ ചടങ്ങിൽ കോൺഗ്രസ് പ്രസിഡൻറ്​ സോണിയ ഗാന്ധി പങ്കെടുത്തില്ല. മുതിർന്ന നേതാവ് എ.കെ ആൻറണി പാർട്ടി ആസ്ഥാനത്ത് ദേശീയ പതാകയുയർത്തി.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.