രാഷ്ട്രപിതാവിന്റെ മഹത്തായ ആശയങ്ങള്‍ ജനകീയമാക്കാനുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനത്തിലാണ് മോദി ട്വിറ്ററിൽ ഇങ്ങിനെ കുറിച്ചത്.'ബാപ്പുവിന്റെ പുണ്യ തിഥിയില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനുള്ള ഞങ്ങളുടെ കൂട്ടായ പരിശ്രമമാണിത്. രക്തസാക്ഷി ദിനത്തില്‍, നമ്മുടെ രാഷ്ട്രത്തെ സംരക്ഷിച്ച എല്ലാ ധീരന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എക്കാലവും സ്മരിക്കപ്പെടും' മോദി ട്വീറ്റ് ചെയ്തു.
'മഹാത്മാഗാന്ധി ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം പകര്‍ന്നു. അദ്ദേഹത്തിന്റെ ചിന്തകളും ആദര്‍ശങ്ങളും രാഷ്ട്രത്തെ സേവിക്കാന്‍ എല്ലാ ഇന്ത്യക്കാരെയും എപ്പോഴും പ്രചോദിപ്പിക്കും'-ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുന്നതിനുമായി എല്ലാ വര്‍ഷവും ജനുവരി 30 ന് ഇന്ത്യ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്.
1948 ജനുവരി 30ന് ബിര്‍ള ഹൗസിലെ ഗാന്ധി സ്മൃതിയില്‍ വെച്ചാണ് മഹാത്മാഗാന്ധിയെ ഹിന്ദുത്വ തീവ്രവാദിയായ നാഥുറാം വിനായക് ഗോഡ്സെ കൊലപ്പെടുത്തിയത്.രാഷ്ട്രപിതാവിന്റെ മരണവുമായി ബന്ധപ്പെട്ട നടുക്കുന്ന ഓര്‍മകള്‍ പിന്നീട് പലരും പങ്കുവച്ചിട്ടുണ്ട്. പിടിഐയുടെ മാധ്യമ പ്രവര്‍ത്തകനായിരുന്നു വാള്‍ട്ടര്‍ ആല്‍ഫ്രഡ് അവരിൽ ഒരാളാണ്. മലയാളത്തിലെ ഒരു ന്യൂസ് പോർട്ടൽ വാള്‍ട്ടര്‍ ആല്‍ഫ്രഡിന്റെ ഓർമകൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
പ്രായം നൂറ് പിന്നിട്ടെങ്കിലും ഗാന്ധിവധവും അതേ തുടര്‍ന്ന് രാജ്യം കണ്ട നാടകീയ സംഭവങ്ങളും തെളിഞ്ഞു നില്‍ക്കുകയാണ് വാള്‍ട്ടറിന്റെ ഓര്‍മകളില്‍. ആ നടുക്കുന്ന ദിനത്തെ അദ്ദേഹം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.. നാഗ്പൂരിലെ പിടിഐയുടെ റിപ്പോര്‍ട്ടറായിരുന്നു ആ സമയം. ദില്ലിയിലെ ബിര്‍ള ഹൗസില്‍ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ ആ വൈകുന്നേരം ഓഫീസിലായിരുന്നു താന്‍. ചില ന്യൂസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വൈകുന്നേരം ആറരയോടെ ഓഫീസിലെ ഫോണ്‍ റിംഗ് ചെയ്തു. ഫോണെടുത്തപ്പോള്‍ മഹാത്മാ ഗാന്ധി വധിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് കേട്ടതെന്ന് ആല്‍ഫ്രഡ് ഓര്‍ക്കുന്നു. തന്റെ സഹപ്രവര്‍ത്തകനായിരുന്ന പോങ്കേഷേ ആയിരുന്നു ഫോണില്‍ മറുതലയ്ക്കല്‍. സായാഹ്ന പ്രാർഥനയ്ക്കായി പോകുന്നതിനിടെയാണ് ഗാന്ധിജിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് മാത്രം അറിയിച്ചു. മനസാന്നിധ്യം കൈവിടാതെ ഞാന്‍ പിടിച്ചു നിന്നു. പോങ്കെഷെ നല്‍കിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വാര്‍ത്തയുടെ ആദ്യ കോപ്പി ടൈപ്പ് ചെയ്തു തുടങ്ങി.
എന്നെ കൂടാതെ രണ്ട് ജീവനക്കാര്‍ കൂടി മാത്രമെ ആ സമയം ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ടെലിപ്രിന്റര്‍ പോലുള്ള സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു. ഒരു ഇംഗ്ലീഷ് ദിനപ്പത്രം ഉള്‍പ്പെടെ ഞങ്ങളുടെ ആറ് വരിക്കാര്‍ക്ക് ജീവനക്കാര്‍ വാര്‍ത്തയുടെ കോപ്പി എത്തിച്ച് നല്‍കി. ഈ സമയം ഓഫീസിലേക്ക് ഫോണ്‍ പ്രവാഹമായിരുന്നു. ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളും കൃത്യമായി എഴുതിയെടുക്കും. കോപ്പികള്‍ തയ്യാറാക്കി ആറ് വരിക്കാര്‍ക്കും പ്യൂണ്‍ മുഖേന കൊടുത്തയ്ക്കും. വികാര പ്രകടനങ്ങള്‍ക്കുള്ള സമയം ആ ദിവസം ലഭിച്ചെന്നും തന്റെ ഔദ്യോഗിക ജീവിതത്തിലെ നിര്‍ണായക ദിനമായിരുന്നുവെന്നും ആല്‍ഫ്രഡ് ഓര്‍ത്തെടുക്കുന്നു.
ഗോഡ്‌സെയുടെ അറസ്റ്റിനെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചും സ്‌റ്റോറികള്‍ ചെയ്യണമായിരുന്നു. ഗാന്ധിജിയുടെ മരണത്തിന് പിറ്റേ ദിവസം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പോയിരുന്നു. അവിടെയുള്ള ആളുകളുടെ മുഖത്തെ സന്തോഷം എന്നെ അത്ഭുതപ്പെടുത്തി. സന്തോഷം മറച്ച് വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ക്ക് ഗാന്ധിജിയേയും നെഹ്‌റുവിനേയും ഇഷ്ടം ഉണ്ടായിരുന്നില്ല. എങ്കിലും ഈ രീതിയില്‍ അവര്‍ പ്രതികരിക്കുമെന്ന് ഞാന്‍ കരുതിയില്ല വാള്‍ട്ടര്‍ ആല്‍ഫ്രഡ് ഓര്‍ത്തെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.