ഒല സ്കൂട്ടറിന്റെ ​പേരിൽ വൻ ​തട്ടിപ്പ്: ബുക് ചെയ്തവരിൽനിന്ന് തട്ടിയത് കോടികൾ; 16 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഒല ഇലക്ട്രിക് സ്‌കൂട്ടർ ബുക് ചെയ്തവരിൽനിന്ന് കോടികൾ തട്ടിയ 16 പേർ അറസ്റ്റിൽ. ആയിരത്തിലേറെ പേരാണ് സംഘത്തിന്റെ തട്ടിപ്പിനിരയായത്. ബംഗളൂരു സ്വദേശികളായ രണ്ട് പേർ ഒലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് രൂപകല്പന ചെയ്താണ് കോടിക്കണക്കിന് രൂപ അടിച്ചുമാറ്റിയതെന്ന് പൊലീസ് പറഞ്ഞു.

ഡൽഹി പൊലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയത്. സംഭവത്തിൽ ബംഗളൂരു, ഗുരുഗ്രാം, പട്‌ന എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ നോർത്ത്) ദേവേഷ് മഹ്‌ല വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

ഒക്ടോബർ ഏഴിന് ഇരകളിൽ ഒരാൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഓൺലൈൻ കൊള്ളസംഘത്തിന്റെ തട്ടിപ്പുകൾ ചുരുളഴിഞ്ഞത്. സൈബർ സെൽ നടത്തിയ നിരീക്ഷണത്തിൽ സംഘം രാജ്യവ്യാപകമായി വലവിരിച്ചതായി മനസ്സിലായി. ഒല ഇലക്ട്രിക് സ്‌കൂട്ടർ കമ്പനിയുടെ പേരിൽ ബെംഗളൂരുവിൽ വ്യാജ വെബ്‌സൈറ്റ് രൂപകല്പന ചെയ്താണ് തട്ടിപ്പിന് കളമൊരുക്കിയത്.

ഒറിജിനലിനെ വെല്ലുന്നതായിരുന്നു വ്യാജ സൈറ്റ്. സ്കൂട്ടർ വാങ്ങാൻ ഈ സൈറ്റ് സന്ദർശിക്കുന്നവർ തങ്ങളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ ഇരകളുടെ മൊബൈൽ നമ്പറും മറ്റ് വിശദാംശങ്ങളും സംഘം ശേഖരിക്കും. തുടർന്ന്, സ്കൂട്ടറിന്റെ ഇൻഷുറൻസ്, ട്രാൻസ്പോർട്ട് ചാർജുകൾ എന്നിവയുടെ പേരിൽ 60,000 മുതൽ 70,000 രൂപ വരെ കൈമാറാൻ സംഘാംഗങ്ങൾ ഓരോ ഇരയോടും ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

"പട്‌നയിൽ തട്ടിപ്പ് നടത്തുന്ന കോൾ സെന്റർ ഞങ്ങൾ കണ്ടെത്തി. 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 114 സിം കാർഡുകൾ, 60-ലധികം മൊബൈൽ ഫോണുകൾ, ഏഴ് ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തു. 5 കോടി രൂപയുടെ ഇടപാട് നടന്ന 25 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. കുറഞ്ഞത് 1,000 പേരെയെങ്കിലും ഇ്വർ ഇതുവരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്' -ഡി.സി.പി പറഞ്ഞു.

Tags:    
News Summary - Over 1,000 duped of crores in pan-India online Ola scooty scam; 16 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.