ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിന്‍റെ ഭീകരത സൃഷ്ടിച്ച വാർത്തകൾക്കിടയിൽ ഒരു കൗതുക വാർത്തയും പുറത്തുവന്നിരിക്കുകയാണ് ഒഡിഷയിൽ നിന്ന്. ചുഴലിക്കാറ്റ് ഭീതി നിറഞ്ഞുനിന്ന ചൊവ്വാഴ്ച 300ലേറെ പ്രസവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ചുഴലിക്കാറ്റ് താണ്ഡവമാടിയ ചൊവ്വാഴ്ച രാത്രിയിലായിരുന്നു കൂടുതൽ പ്രസവവും. കൗതുകം ഇതിലല്ല; ചുഴലിക്കാറ്റിന്‍റെ അകമ്പടിയോടെ ഭൂമിയിലേക്കു പിറന്നുവീണ തങ്ങളുടെ പൊന്നുമക്കൾക്ക് മാതാപിതാക്കളിൽ പലരും നൽകിയ പേരിലാണ്-'യാസ്' എന്നാണ് അവർ മക്കളെ വിളിച്ചത്.
കുഞ്ഞിന് എന്ത് പേരിടുമെന്ന് ആലോചിച്ചപ്പോൾ തന്നെ മനസ്സിൽ വന്നത് ചുഴലിക്കാറ്റിന്‍റെ പേരാായിരുന്നെന്ന് ബാലസൂറിലെ പരാഖി മേഖലയിൽ നിന്നുള്ള സോണാലി മൈതി പറയുന്നു. ചുഴലിക്കാറ്റും കുഞ്ഞിന്‍റെ ജനനവും നടന്നത് ഒരേസമയമായതിനാൽ ഇതിലും നല്ല പേർ എവിടെനിന്നു ലഭിക്കാനാണെന്നും അവർ ചോദിക്കുന്നു. കെന്ദ്രാപര ജില്ലയിൽനിന്നുള്ള സരസ്വതി ബൈരാഗി പറയുന്നത് ഇങ്ങനെയൊരു പേരിട്ടതുകൊണ്ട് മകളുടെ ജന്മദിനം എല്ലാവരും ഓർത്തുവയ്ക്കുമെന്നായിരുന്നു. ഒമാനാണ് ചുഴലിക്കാറ്റിന് യാസ് എന്ന നാമകരണം നടത്തിയത്. പേർഷ്യൻ ഭാഷയിൽനിന്നാണ് ഇൗ പേരിന്‍റെ ഉത്ഭവം. മുല്ലപ്പൂ എന്നാണ് യാസിന്റെ അർഥം.
യാസ് ഭീഷണിയെത്തുടർന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയവരിൽ 6,500 ഗർഭിണികളുണ്ടായിരുന്നുവെന്ന് ഒഡിഷ സർക്കാർ വൃത്തങ്ങൾ പറയുന്നു. തിയതി അടുത്തവരെയെല്ലാം 'മാ ഗൃഹ' എന്ന പേരിലുള്ള പ്രസവകേന്ദ്രങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും മാറ്റുകയും ചെയ്തിരുന്നു. ഇവിടെവച്ചാണ് ഭൂരിഭാഗം പേരുടെയും പ്രസവം നടന്നത്. ബംഗാളിലും ഒഡിഷയിലും വൻനാശനഷ്ടങ്ങളാണ് യാസ് വിതച്ചത്. മൂന്നു ലക്ഷം വീടുകൾ ചുഴലിക്കാറ്റിൽ പൂർണമായി തകർന്നു. ഒരു കോടിയിലേറെ പേരെ ദുരന്തം നേരിട്ട് ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.