ന്യൂഡൽഹി: യു.പി.എ സർക്കാറിെൻറ കാലത്ത് മദ്റസകളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് ആവിഷ്കരിച്ച പദ്ധതി (എസ്.പി.ക്യൂ.ഇ.എം) താളംതെറ്റി. കേന്ദ്ര സർക്കാർ ഫണ്ട് നൽകാത്തതാണ് കാരണം.
പദ്ധതിയിൽ േചർന്ന അമ്പതിനായിരത്തോളം മദ്റസ അധ്യാപകർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു വർഷമായി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് തുടങ്ങി 16ഒാളം സംസ്ഥാനങ്ങളിലെ അധ്യാപകർക്കാണ് രണ്ടു വർഷമായി ശമ്പളം ലഭിക്കാത്തത്. മതപഠനം മാത്രം പോരാ, ആധുനിക വിദ്യാഭ്യാസംകൂടി മുസ്ലിം കുട്ടികള്‍ക്ക് ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ് 2009ൽ യു.പി.എ സർക്കാർ എസ്.പി.ക്യൂ.ഇ.എം ആരംഭിച്ചത്. മതപഠനത്തോടൊപ്പം ശാസ്ത്രം, കണക്ക്, സാമൂഹിക ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ബിരുദ യോഗ്യതയുള്ള അധ്യാപകർക്ക് 6,000 രൂപയും ബിരുദാനന്തര ബിരുദമുള്ളവർക്ക് 12,000 രൂപയുമാണ് ശമ്പളം നിശ്ചയിച്ചിരുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇരുപത്തി അയ്യായിരത്തോളം പേർ തൊഴിൽ വിട്ടതായി മദ്റസ അധ്യാപക സംഘടന പ്രസിഡൻറ് റാസാ ഖാൻ പറയുന്നു.
ചില സംസ്ഥാനങ്ങളിൽ മൂന്നും ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ രണ്ടും വർഷമായി ശമ്പളം മുടങ്ങിയിട്ട്. ജനുവരി എട്ടിന് ലഖ്നോവിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടു വർഷമായി മദ്റസ അധ്യാപകരുടെ ശമ്പളം മുടങ്ങിയതായി ഉത്തർപ്രദേശ് മദ്റസ ബോർഡ് രജിസ്ട്രാർ രാഹുൽ ഗുപ്തയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.