ന്യൂഡൽഹി: ആരെയും പരിഗണിക്കാതെ ഹരിയാനയിൽ ഒറ്റക്ക് മത്സരിച്ച് കൈപ്പിടിയിലുണ്ടായിരുന്ന ഭരണം നഷ്ടപ്പെടുത്തിയ കോൺഗ്രസിനെതിരെ വിമർശനവുമായി ഇൻഡ്യ മുന്നണി സഖ്യകക്ഷികൾ.
അമിത ആത്മവിശ്വാസമാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും അഹങ്കാരം തിരിച്ചടിയുണ്ടാക്കിയെന്ന് മമതയുടെ തൃണമൂൽ കോൺഗ്രസും കുറ്റപ്പെടുത്തി.
അധികാരത്തിലേറാന്‍ മറ്റ് കക്ഷികളൊന്നും ഒപ്പം വേണ്ടെന്ന ചിന്തയാണ് കോണ്‍ഗ്രസിന്റെ പതനത്തിന് കാരണമായതെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ കരുതിയത് തനിച്ച് മത്സരിച്ച് ജയിച്ച് അധികാരത്തിലെത്താമെന്നാണ്. സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാർട്ടി, മറ്റു ചെറുകക്ഷികള്‍ എന്നിവയുമായി സീറ്റുകള്‍ പങ്കിട്ടിരുന്നെങ്കില്‍ ഫലം മറിച്ചായേനെ. പരാജയപ്പെട്ട യുദ്ധത്തിലാണ് ബി.ജെ.പി പൊരുതി ജയിച്ചതെന്നും അദ്ദേഹം കോൺഗ്രസിനെ ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് പുനരാലോചിക്കണമെന്ന് രാജ്യസഭ എം.പിയും ശിവസേന നേതാവുമായ പ്രിയങ്ക ചതുർവേദി പറഞ്ഞു. ബി.ജെ.പിയുടെ തന്ത്രങ്ങൾ മനസ്സിലാക്കണമെന്നും കോൺഗ്രസ് താഴെ തട്ടിലേക്ക് ശ്രദ്ധിക്കണമെന്നും ശിവസേന മുഖപത്രമായ സാമ്ന ആവശ്യപ്പെട്ടു. കോണ്‍ഗ്രസും എൻ.സി.പിയും അടക്കമുള്ള തങ്ങളുടെ സഖ്യകക്ഷികള്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹരിയാന ഫലം കോണ്‍ഗ്രസ് വിശദമായി പരിശോധിക്കണമെന്നും മഹാരാഷ്ട്ര, ഝാർഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷികളെ കൂടെ കൂട്ടണമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഹരിയാനയിലെ തോൽവി കോൺഗ്രസിനെ കൂടുതൽ വിട്ടുവീഴ്ചക്ക് നിർബന്ധിതരാക്കും.
രാഹുൽ ഗാന്ധിയുടെ ഇടപെടലിനെതുടർന്ന് ഹരിയാനയിൽ സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവരുമായി കോൺഗ്രസ് സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയിരുന്നു. എന്നാൽ, വിട്ടുവീഴ്ചക്ക് തയാറാകാൻ ഹരിയാന കോൺഗ്രസ് നിയന്ത്രിക്കുന്ന ഭൂപീന്ദർ ഹൂഡ തയാറായില്ല. ഒടുവിൽ ഒരു സീറ്റ് ലഭിച്ച സി.പി.എം മാത്രമാണ് കോൺഗ്രസിന്റെ കൂടെ നിന്നത്. മുഴുവൻ സീറ്റിലും ഒറ്റക്ക് മത്സരിച്ച ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് ചലനമുണ്ടാക്കാനും കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.