ബാബരി മസ്ജിദിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കിയതിനെതിരെ ലോക്സഭയിൽ ഉവൈസി

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളിൽനിന്ന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കിയതിനെച്ചൊല്ലി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ലോക്സഭയിലാണ് ഈ വിഷയം അദ്ദേഹം ഉന്നയിച്ചത്.

ബാബരി മസ്ജിദിനെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള പരാമർശങ്ങൾ എൻ.സി.ഇ.ആർ.ടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) നീക്കം ചെയ്തു. മുൻകാലങ്ങളിലെ തെറ്റുകളിൽ നിന്ന് എന്തുകൊണ്ടാണ് ആളുകൾ പഠിക്കാത്തത്? നമ്മുടെ കുട്ടികൾ ഗുജറാത്ത് വംശഹത്യയെയും മുസ്‌ലിംകളുടെ കൂട്ടക്കൊലയെയും കുറിച്ച് പഠിക്കേണ്ടേ? -അദ്ദേഹം ചോദിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഗ്രാന്‍റുകൾക്കായുള്ള ആവശ്യങ്ങളിൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത ഉവൈസി, സർക്കാർ പാഠപുസ്തക സാമഗ്രികളിലും അധ്യാപന പരിപാടികളിലും കൃത്രിമം കാണിക്കുകയാണെന്നും ഉവൈസി ആരോപിച്ചു.

അയോധ്യയെക്കുറിച്ചുള്ള ഭാഗം നാലിൽ നിന്ന് രണ്ട് പേജാക്കി വെട്ടിമാറ്റുകയും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ മുൻ പതിപ്പുകളിലെ വിശദാംശങ്ങൾ നീക്കുകയും ചെയ്തിരുന്നു.

ബാബരിയെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ വെട്ടി നാലു പേജിൽനിന്ന് രണ്ട് പേജാക്കിയാണ് കുറച്ചത്. 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബരി മസ്ജിദ് എന്ന് പറയാതെ ‘മൂന്ന് താഴികക്കുടങ്ങളുണ്ടായിരുന്ന കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ബി.ജെ.പി നടത്തിയ രഥയാത്ര, കർസേവകരുടെ പങ്ക്, ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളിൽ ബി.ജെ.പി നടത്തിയ ഖേദ പ്രകടനം എന്നിവ വെട്ടിമാറ്റിയവയിൽ ഉൾപ്പെടുന്നു.

Tags:    
News Summary - Owaisi in Lok Sabha against removal of Babri Masjid reference in NCERT textbooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.