ലഖ്നോ: അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടി 100 സീറ്റുകളിൽ മത്സരിക്കുമെന്ന് അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
ഓം പ്രകാശ് രാജ്ഭറിെൻറ ഭാഗിദാരി സങ്കൽപ് മോർച്ച (ബി.എസ്.എം) ഒഴികെ മറ്റൊരു പാർട്ടിയുമായും സഖ്യമില്ലെന്നും ഉവൈസി വ്യക്തമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചയാളാണ് ഒ.പി. രാജ്ഭർ എന്നതാണ് ശ്രദ്ധേയം.
ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി എ.ഐ.എം.ഐ.എമ്മുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പാണ് ഉവൈസി നിലപാട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെല്ലാം സ്ഥാനാർഥികളെ നിർത്തുമെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ ഷൗക്കത്ത് അലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എ.ഐ.എം.ഐ.എം ആദ്യമായാണ് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലു സീറ്റ് നേടിയ രാജ്ഭറിെൻറ പാർട്ടി ബി.ജെ.പിയുമായി കൈകോർക്കുകയായിരുന്നു. യു.പി സർക്കാറിൽ ഇടം നൽകിയെങ്കിലും 2019ൽ യോഗിയുമായി ഇടഞ്ഞു. യു.പിയിലെ 403 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിക്കും മാർച്ചിനുമിടയിൽ ഉണ്ടാകാനാണ് സാധ്യത. 2022 മാർച്ച 14 വരെയാണ് നിലവിലെ നിയമസഭയുടെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.