കാസർകോട്: മംഗളൂരുവിൽനിന്നുള്ള വിതരണം നിലച്ചതോടെ കാസർകോട് ജില്ലയിൽ ഒാക്സിജൻ ക്ഷാമം രൂക്ഷമായി. ഗുരുതര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ മാറ്റാൻ തുടങ്ങി. ഒാക്സിജൻ ആവശ്യമുള്ള രോഗികളെ ഉടൻ മറ്റിടങ്ങളിലേക്ക് മാറ്റാനാണ് ബന്ധുക്കൾക്ക് ലഭിച്ച നിർദേശം. മൂന്നു പേരെ ഇതിനകം മംഗലാപുരത്തെ ആശുപത്രികളിലേക്ക് മാറ്റി.
നഗരത്തിലെ സ്വകാര്യ ആശുപത്രികളിലാണ് ഒാക്സിജന്‍ കടുത്ത ക്ഷാമം നേരിടുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുറഞ്ഞ ഒാക്സിജൻ സ്റ്റോക്ക് മാത്രമാണുള്ളത്. 20 ഒാളം കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. ഇതിൽ പകുതിയോളം പേരും ഒാക്സിജൻ ആവശ്യമുള്ളവരുമാണ്. ഇവരെയാണ് മറ്റിടങ്ങളിലേക്ക് മാറ്റുന്നത്. ഒാക്സിജൻ ആവശ്യമുള്ള പുതിയ രോഗികളെ പ്രവേശിപ്പിക്കാനും കഴിയാതായി.
ചെങ്കള സഹകരണ ആശുപത്രിയിലും സമാന സാഹചര്യമാണ്. ഏതാനും മണിക്കൂർ നേരത്തേക്കുള്ള ഒാക്സിജനാണ് ഇവിടെ സ്റ്റോക്കുള്ളത്. ഇവിടെയുള്ള ഏതാനും രോഗികളെയും മാറ്റാൻ തുടങ്ങി. ഗുരുതര രോഗികളെ മാറ്റുകയും ചെയ്തു. നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളിലും ഒാക്സിജൻ ക്ഷാമം നേരിടുന്നു. രോഗികളുടെ എണ്ണം കൂടിയാൽ പ്രതിസന്ധി രൂക്ഷമായേക്കും.
കേരളത്തിലേക്കുള്ള മെഡിക്കൽ ഒാക്സിജൻ വിതരണം കർണാടക സർക്കാർ വിലക്കിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മംഗളൂരു ബൈക്കമ്പാടി മലബാർ ഒാക്സിജൻ പ്ലാൻറിൽനിന്നാണ് കാസർകോെട്ട സ്വകാര്യ ആശുപത്രികളിലേക്ക് ഒാക്സിജൻ ഇറക്കിയിരുന്നത്. മംഗളൂരുവിൽനിന്ന് ലഭിക്കാതായതോടെ കണ്ണൂരിൽനിന്നാണ് ഇപ്പോൾ ഒാക്സിജൻ വരുന്നത്. മംഗളൂരുവിൽനിന്ന് പ്രതിദിനം 300ഒാളം സിലിണ്ടറുകളാണ് കാസർകോട്ട് ഇറക്കിയിരുന്നത്. ഇത്രയും സിലിണ്ടർ കണ്ണൂരിലെ പ്ലാൻറിൽനിന്ന് ഇപ്പോൾ ലഭിക്കുന്നുമില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കാസർകോട്ട് കൂടുതൽ ഒാക്സിജൻ നൽകുേമ്പാൾ കണ്ണൂരിലേക്ക് കോഴിക്കോടുനിന്ന് എത്തിക്കാൻ സൗകര്യമുണ്ടാക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് യോഗത്തിൽ നിർദേശമുയർന്നിരുന്നു. ഒാക്സിജൻ പ്രതിസന്ധി കഴിഞ്ഞ ശനിയാഴ്ച തന്നെ ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.