ന്യൂഡൽഹി: നാർകോട്ടിക് ജിഹാദിൽ മുതലെടുപ്പ് നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ Mischievous and Fake Crusades എന്ന ലേഖനത്തിലാണ് ചിദംബരം തന്‍റെ നിലപാട് വ്യക്തമാക്കിയത്.
പി.ചിദംബരം എഴുതിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ:
''തീവ്ര ഹിന്ദു വിഭാഗങ്ങൾ കണ്ടുപിടിച്ച ലവ് ജിഹാദിന് ശേഷം നാർകോട്ടിക് ജിഹാദെന്ന പേരിൽ പുതിയ ഭീകരസ്വത്വം ഇറങ്ങിയിരിക്കുകയാണ്. ഇത് ഞാനടക്കമുള്ള ഇന്ത്യയിലെ ലക്ഷക്കണക്കിന് പേരെ വേദനിപ്പിക്കുന്നതാണ്. പാലയിലെ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടാണ് ഇതിന്‍റെ ഉപജ്ഞാതാവ്. പ്രണയവും നാർകോട്ടികും യഥാർഥമാണ്. പക്ഷേ അതിനോട് ജിഹാദ് ചേർക്കുന്നത് വികലമായ ചിന്തയാണ്. മുസ്ലിംകളേയും അല്ലാത്തവരേയും തെറ്റിക്കാനുള്ള പദ്ധതിയാണിത്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ബിഷപ്പിനെ പിന്തുണക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. ഹിന്ദുത്വഗ്രുപ്പുകൾ എങ്ങനെയാണ് ക്രിസ്ത്യാനികളെ പരിഗണിച്ചത് എന്നത് കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്.
ശരിക്കൊപ്പം നിൽക്കുന്നതും തെറ്റിനെതിരെ പോരാടുന്നതുമാണ് ജിഹാദ്. ആധുനിക കാലത്താണ് ഇത് ഹിംസാത്മക പ്രവർത്തനങ്ങളുടെ പര്യായമായത്. ഇന്ത്യയിൽ ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് ഇന്നേവരെ ഒരു തെളിവും ഇല്ല. ബിഷപ്പിന്‍റെ കലാപാഹ്വാനത്തിനെതിെര പ്രതികരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും ഞാൻ പ്രശംസിക്കുന്നു.
ജിഹാദ് എന്ന പദത്തെ പ്രണയവുമായും ലഹരിയുമായും ബന്ധിപ്പിക്കുന്നത് വികലമായ ചിന്തയാണ്. നാർകോട്ടിക് ജിഹാദിന്‍റെ പേരിൽ മുതലെടുപ്പ് നടത്തുന്നവർ ഗുജറാത്തിൽ പിടികൂടിയ 3000 കിലോ ഹെറോയിനെക്കുറിച്ച് സംസാരിക്കണം. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ലാതെ ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് ഇറക്കാൻ കഴിയില്ലെന്ന് എനിക്ക് പറയാനാകും. ഇതിൽ പിടികൂടിയ ദമ്പതികൾ മുസ്ലിംകളല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജിഹാദിനെക്കുറിച്ചുള്ള സംസാരം നിർത്തി 3000 കോടിയുടെ ഹെറോയിനെക്കുറിച്ച് സംസാരിക്കണം. ഇതിൽ ആഭ്യന്തര സുരക്ഷയെ തകർക്കുന്നതും സാമൂഹിക സൗഹാർദം തകർക്കാവുന്നതുമായ വിഷയങ്ങളുണ്ട്'' .
2008 മുതൽ 2012 വെര കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു ചിദംബരം. 2012 മുതൽ 2014വരെ ധനകാര്യമന്ത്രിയായും പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.