ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിക്കുന്ന ഞായറാഴ്ചത്തെ ചടങ്ങ് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചേക്കും. ഭരണഘടനാപരമായി അർഹതപ്പെട്ട രാഷ്ട്രപതിയെ മാറ്റി നിർത്തി പ്രധാനമന്ത്രിയാണ് ഉദ്ഘാടനം നടത്തുന്നത്. ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറുടെ ജന്മദിനമാണ് ചടങ്ങിന് തിരഞ്ഞെടുത്തത്. ബഹിഷ്കരണത്തിന് ഒരു കാരണം ഇതാണ്.
നേരത്തേ ശിലാസ്ഥാപനം, അശോക സ്തംഭ അനാവരണം തുടങ്ങി പുതിയ മന്ദിരത്തിന്റെ ഒരു ചടങ്ങിലും രാഷ്ട്രപതിക്ക് സ്ഥാനം നൽകിയിരുന്നില്ല. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവും അധഃസ്ഥിത വിഭാഗത്തോടുള്ള അനാദരവുമാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. 2020ലെ ശിലാസ്ഥാപന ചടങ്ങിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മാറ്റിനിർത്തിയത് ദലിതരെക്കൂടി അവമതിക്കുന്നതായി. ഉദ്ഘാടന ചടങ്ങിൽ ആദിവാസി വനിത കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ തഴഞ്ഞു. ബി.ജെ.പിയുടെ പിന്നാക്ക വിഭാഗ പ്രേമത്തിലെ കാപട്യം കൂടിയാണിതെന്ന് വിവിധ പ്രതിപക്ഷപാർട്ടികൾ കുറ്റപ്പെടുത്തി.
ജനാധിപത്യ ഇന്ത്യയുടെ സർവാവകാശി പ്രധാനമന്ത്രിയല്ല. രാജ്യമെന്നാൽ പ്രധാനമന്ത്രിയല്ല. ഭരണനിർവഹണത്തിന്റെ ഉത്തരവാദിത്തമാണ് പ്രധാനമന്ത്രിക്ക്. എന്നാൽ രാജ്യത്തിന്റെ ഏക നേതാവും പ്രതിനിധിയും താനാണെന്ന മട്ടിലാണ് നരേന്ദ്ര മോദി പെരുമാറുന്നതെന്നും പ്രതിപക്ഷം പറയുന്നു. സംയുക്ത ബഹിഷ്കരണത്തിന് പ്രതിപക്ഷ പാർട്ടികൾ കൂടിയാലോചനയിലാണ്.
കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.
മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന കാര്യത്തിൽ ഏകാഭിപ്രായമുള്ള പ്രതിപക്ഷ പാർട്ടികൾക്കിടയിൽ, സവർക്കറുടെ പേരിലുള്ള ബഹിഷ്കരണത്തോട് കോൺഗ്രസ്, ശിവസേന, എൻ.സി.പി എന്നീ പാർട്ടികൾക്കുള്ളിൽ പൂർണ യോജിപ്പില്ല. വോട്ടു ബാങ്കിന്റെ സമീപനത്തെക്കുറിച്ച ഉൾഭയമാണ് കാരണം.
പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാകണമെന്ന് പ്രതിപക്ഷം വാദിക്കുന്നതിന്റെ കാരണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.