ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെൻട്രൽ ഹാളിൽ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളെ രാവിലെ 11ന് അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനം തുടങ്ങുന്നത്. തുടർന്ന് സാമ്പത്തിക സർവേ സർക്കാർ പാർലമെന്റിൽ വെക്കും. ചൊവ്വാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കും.
അതേസമയം, പാർലമെന്റ് സമ്മേളനം ഒച്ചപ്പാടിലേക്കാണ് നീങ്ങുന്നത്. ഇസ്രായേലിന്റെ ചാര സോഫ്റ്റ് വെയറായ പെഗസസ് ഇന്ത്യ വാങ്ങിയെന്ന പുതിയ വെളിപ്പെടുത്തൽ മുൻനിർത്തി സർക്കാറിൽ നിന്ന് വിശദീകരണം തേടാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പെഗസസ് വിഷയം നേരത്തെയും പാർലമെൻറിന്റെ തുടർച്ചയായ സ്തംഭനത്തിന് വഴിവെച്ചിരുന്നു. കർഷക വിഷയം, വിലക്കയറ്റം, അതിർത്തി പ്രശ്നം തുടങ്ങിയ വിഷയങ്ങളും സർക്കാറിന് നേരിടേണ്ടി വരും.
യു.പിയും പഞ്ചാബും അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് സമ്മേളനമെന്നിരിക്കേ, സർക്കാറും പ്രതിപക്ഷവുമായുള്ള ഏറ്റമുട്ടലിന് വീര്യം കൂടും. ഫെബ്രുവരി 11 വരെയാണ് ആദ്യപാദ ബജറ്റ് സമ്മേളനം. തുടർന്ന് ഇടവേളക്ക് ശേഷം മാർച്ച് 14 മുതൽ ഏപ്രിൽ എട്ടു വരെയാണ് രണ്ടാംഘട്ട സമ്മേളനം. കോവിഡ് വ്യാപനം മൂലം സാമൂഹിക അകലം പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ലോക്സഭയും രാജ്യസഭയും ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.