ന്യൂഡൽഹി: ഈമാസം 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റ് സമ്മേളന അജണ്ടയുടെ സാധ്യത പട്ടിക ബുധനാഴ്ച പുറത്തുവിട്ടു. അഭിഭാഷക (ഭേദഗതി) ബില്ലും പത്ര-ആനുകാലിക രജിസ്ട്രേഷൻ ബില്ലുമാണ് ലോക്സഭയിൽ വരുന്നത്. ഇതുരണ്ടും ആഗസ്റ്റ് മൂന്നിന് രാജ്യസഭ പാസാക്കിയിട്ടുണ്ട്. രാജ്യസഭയിൽ പോസ്റ്റ് ഓഫിസ് ബില്ലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും കമീഷണർമാരുടെയും നിയമന, സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട ബില്ലുമാണ് അവതരിപ്പിക്കുന്നത്.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ കുറിച്ച് അജണ്ട പറയുന്നില്ല. സർക്കാർ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന അഭ്യൂഹവും പുതിയ സമ്മേളനകാലത്ത് നിലനിൽക്കുകയാണ്. പതിവു നടപടികൾക്കുപുറമെ, ‘പാർലമെന്റിന്റെ 75 വർഷങ്ങൾ’ എന്ന വിഷയത്തിൽ ചർച്ചയും നടക്കും. സെപ്റ്റംബർ 17ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കൾക്കും ഇ-മെയിൽ വഴി യോഗത്തിനുള്ള ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
സമ്മേളനത്തിന്റെ പൂർണ അജണ്ട പുറത്തുവിടാത്ത കേന്ദ്ര നടപടിയെ തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ വിമർശിച്ചു. സർക്കാർ കള്ളക്കളി കളിച്ച് കൂടുതൽ നടപടികൾ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.