ന്യൂഡൽഹി: സർക്കാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടയിൽ, വിവാദ വനസംരക്ഷണ നിയമഭേദഗതി ബിൽ പാർലമെന്റിൽ. സംരക്ഷിത വനഭൂമി വികസനത്തിന്റെ പേരിൽ സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാൻ സർക്കാറിന് അവസരമൊരുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനങ്ങൾക്കിടെയാണ് വിവാദ ബിൽ ഇരുസഭകളിലും എത്തിച്ചത്.
വനം-പരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവ് അവതരിപ്പിച്ച ബിൽ വിശദപരിശോധനക്ക് ലോക്സഭ-രാജ്യസഭ പ്രതിനിധികൾ ഉൾപ്പെടുന്ന സംയുക്ത സമിതിക്ക് വിട്ടു. വനം-പരിസ്ഥിതി മുൻമന്ത്രിയും നിയമഭേദഗതിയുടെ കടുത്ത വിമർശകനുമായ കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര-സാങ്കേതിക, വനം-പരിസ്ഥിതികാര്യ സ്ഥിരംസമിതിയുടെ പഠനത്തിന് വിടേണ്ട ബിൽ ഇത്തരത്തിൽ മറ്റൊരു സമിതിയെ ഏൽപിച്ചത് പുതിയ വിവാദമായി.
സ്ഥിരംസമിതിയെ നോക്കുകുത്തിയാക്കി ബിൽ പഠിക്കാൻ സംയുക്ത സമിതി രൂപവത്കരിച്ച വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകറിന് ജയ്റാം രമേശ് കത്തെഴുതി. സ്ഥിരം സമിതിയെ തഴഞ്ഞ സർക്കാർ നടപടിക്ക് പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ എതിരാണെന്ന് കത്തിൽ വ്യക്തമാക്കി. പ്രതിപക്ഷത്തുനിന്ന് ആരും സംയുക്ത സമിതിയിൽ ഇല്ലെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
1980ലെ വനസംരക്ഷണ നിയമത്തിലാണ് പുതിയ ബില്ലിലൂടെ കാതലായ ഭേദഗതികൾ കൊണ്ടുവരുന്നത്. വനഭൂമിക്ക് മേലുള്ള അനാവശ്യ നിയമക്കുരുക്കുകൾ ഒഴിവാക്കാനെന്ന വിശദീകരണത്തോടെ നേരത്തേ കരടു ഭേദഗതി നിർദേശങ്ങൾ പുറത്തിറക്കിയപ്പോൾതന്നെ, ഏറെ വിമർശനം ഉയർന്നിരുന്നു.
റെയിൽപാത, റോഡ് എന്നിവയോടുചേർന്ന് റെയിൽവേ, ഗതാഗത മന്ത്രാലയങ്ങളുടെ കൈവശമുള്ള വനഭൂമി ചെറുകിട സംരംഭങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവക്ക് വിട്ടുകൊടുക്കാൻ കഴിയുന്നവിധം വ്യവസ്ഥ ഇളവു ചെയ്യുമെന്ന് ബിൽ വ്യക്തമാക്കുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമിയിൽ ഇനി ഭവനനിർമാണ പ്രവർത്തനങ്ങളും മറ്റും അനുവദിക്കും.
സൈനിക-ദേശസുരക്ഷ പദ്ധതികൾക്ക് വനഭൂമി വിട്ടുകൊടുക്കാൻ പ്രത്യേക അനുമതി മേലിൽ ആവശ്യമുണ്ടാവില്ല. വികസന-ഖനന പദ്ധതികൾക്കും വനഭൂമിയിൽ അനുമതി നൽകാം. ദേശീയ പ്രാധാന്യമുള്ള പദ്ധതികൾ ഏതൊക്കെയെന്ന് നിർണയിക്കുന്നത് കേന്ദ്രസർക്കാറാണ്.
വനഭൂമി വിനിയോഗത്തിൽ സർക്കാർ-സ്വകാര്യ വേർതിരിവ് കുറക്കും. വനസംരക്ഷണ നിയമത്തിന്റെ പേരുതന്നെ ‘വന സംരക്ഷൺ ഏവം സംവർധൻ അഭിയാൻ-1980’ എന്നിങ്ങനെ ഹിന്ദിയിലേക്ക് മാറ്റുന്നുണ്ട്. വനഭൂമിയുടെ ഉപയോഗം സംബന്ധിച്ച അവ്യക്തത മാറ്റി പ്രായോഗികത ഉറപ്പുവരുത്തുന്നതാണ് ഭേദഗതിയെന്ന് സർക്കാർ വിശദീകരിച്ചു.
വനവുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനത്തിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥയാണ് ഉദാരമാകുന്നത്. വനഭൂമിയിലെ പ്രവർത്തനങ്ങൾക്ക് അവിടത്തെ ആദിവാസികളുടെയും ഗ്രാമസഭകളുടെയും അനുമതി വേണമെന്ന വ്യവസ്ഥയും ദുർബലമാകും.
കോർപറേറ്റുകൾക്ക് വനഭൂമി വികസനത്തിന്റെ പേരിൽ തീറെഴുതുന്ന സ്ഥിതി വരുമെന്നും വന്യജീവികളുടെ ആവാസ വ്യവസ്ഥ തകിടംമറിയുമെന്നും വനഭൂമി വ്യാപകമായി തരംമാറ്റാൻ വഴിയൊരുങ്ങുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ലോക്സഭയിൽ ബിൽ അവതരണത്തെ ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ എതിർത്തു. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതും വനസംരക്ഷണ നിയമത്തെ ലഘൂകരിക്കുന്നതുമായ ഗൗരവപ്പെട്ട നിയമം ബഹളങ്ങൾക്കിടയിൽ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ജൈവ വൈവിധ്യം, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ച അന്താരാഷ്ട്ര കരാറുകളിൽ ഇന്ത്യ നൽകിയ ഉറപ്പുകളുടെ ലംഘനമാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എം.പിയുടെ തടസ്സവാദം സഭ ശബ്ദവോട്ടോടെ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.