ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിൽ വിള്ളൽ. മുഖ്യമന്ത്രി നിതീഷ്കുമാറിനോട് ഉടക്കിയ ലോക്ജൻശക്തി പാർട്ടി, ജനതാദൾ-യു മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ബി.ജെ.പിയുമായി സഖ്യം തുടരും. ജയം ആവർത്തിക്കാമെന്ന ബി.ജെ.പിയുടെയും ജെ.ഡി.യുവിെൻറയും ആത്മവിശ്വാസത്തിന് പുതിയ സംഭവവികാസം കനത്ത പ്രഹരമായി.
എൽ.ജെ.പി ഇല്ലാത്തതിനാൽ ആകെയുള്ള 243ൽ 122 സീറ്റിൽ ജെ.ഡി.യുവും 12ൽ ബി.ജെ.പിയും മത്സരിക്കാനാണ് പുതിയ തീരുമാനം. ബി.ജെ.പിക്കെതിരെ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കെ, ബാക്കി 122 സീറ്റിലും സ്ഥാനാർഥികളെ നിർത്താനാണ് എൽ.ജെ.പി ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടക്കം ഇടപെട്ടിട്ടും ഒറ്റക്ക് മുന്നോട്ടുപോകുമെന്ന് പാർട്ടി നേതൃയോഗത്തിനുശേഷം യുവനേതാവ് ചിരാഗ് പാസ്വാൻ പ്രഖ്യാപിക്കുകയായിരുന്നു. ഏതാനും ദിവസമായി ആശുപത്രിയിൽ കഴിയുന്ന പിതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാൻ ഞായറാഴ്ച ഹൃദയശസ്ത്രക്രിയക്കു വിധേയനായി.
ബിഹാർ രാഷ്ട്രീയത്തിൽ സ്വന്തമായ ഇടവും സ്വാധീനവും വർധിപ്പിക്കാനുള്ള ചിരാഗ് പാസ്വാെൻറ താൽപര്യവും ജെ.ഡി.യുവിനെ വെല്ലുവിളിക്കുന്നതിനു പിന്നിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു മഹാസഖ്യത്തിന് ഒപ്പമായിരുന്നതിനാൽ എൽ.ജെ.പിക്ക് നിർലോപം മത്സരിക്കാൻ കഴിഞ്ഞു. എന്നാൽ, ഇക്കുറി പരമാവധി രണ്ടു ഡസൻ സീറ്റാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. 40 സീറ്റെങ്കിലും കിട്ടിയെങ്കിൽ എൽ.ജെ.പി വഴങ്ങിയേനെ എന്നാണ് വിവരം. അതിന് ജെ.ഡി.യുവും ബി.ജെ.പിയും തയാറായില്ല.
40 സീറ്റ് എൽ.ജെ.പിക്ക് കൊടുത്താൽ 20ഓളം സീറ്റ് കൈവിട്ട് ബി.ജെ.പിയും ജെ.ഡി.യുവും 100 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമായിരുന്നു. സഖ്യത്തിൽ തിരിച്ചെത്തിയ ജിതൻറാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചക്കും സ്വന്തം വിഹിതത്തിൽനിന്ന് ജെ.ഡി.യു സീറ്റ് നൽകണം. പത്രികാസമർപ്പണം തുടങ്ങിയിരിക്കെ, ഒത്തുതീർപ്പുകൾക്ക് സാധ്യത മങ്ങി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബി.ജെ.പിയും എൽ.ജെ.പിയും ചേർന്ന് സർക്കാറുണ്ടാക്കുമെന്നും നിതീഷ്കുമാർ പാപ്പരാകുമെന്നുമാണ് ചിരാഗ് പാസ്വാെൻറ അവകാശവാദം. അതേസമയം, ജെ.ഡി.യുവും എൽ.ജെ.പിയുമായുള്ള പാരവെപ്പുകൾ പല മണ്ഡലങ്ങളിലും തോൽവിക്കു കാരണമാകും.
ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെടുന്ന വിശാല മതേതര സഖ്യം കഴിഞ്ഞ ദിവസം സീറ്റു പങ്കിടൽ പൂർത്തിയാക്കി. ആർ.ജെ.ഡി 144ലും കോൺഗ്രസ് 70ലുമാണ് മത്സരിക്കുന്നത്. ഈ മാസം 28നാണ് ആദ്യഘട്ട വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.