ന്യൂഡൽഹി: പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പേര് ശിപാർശ ചെയ്തത്.
2011 നവംബർ എട്ടിന് കേരള ഹൈകോടതി ജഡ്ജിയായ ജ. വിനോദ് ചന്ദ്രൻ 2023ലാണ് പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായത്. കേന്ദ്രം ശിപാർശ അംഗീകരിച്ചാൽ, സുപ്രീംകോടതി ജഡ്ജിമാരുടെ അംഗസംഖ്യ 33 ആയി ഉയരും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ ജനുവരി മൂന്നിന് വിരമിച്ചിരുന്നു.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് ഓക്ക എന്നിവരടങ്ങുന്ന സുപ്രീംകോടതി കൊളീജിയം, ഹൈകോടതി ജഡ്ജിമാരുടെ സംയുക്ത അഖിലേന്ത്യ സീനിയോറിറ്റി പട്ടികയിൽ ജ. വിനോദ് ചന്ദ്രൻ 13ാം സ്ഥാനത്താണെന്ന് പറഞ്ഞു.
തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദം നേടിയ ജസ്റ്റിസ് വിനോദ് 1991ൽ പറവൂരിലാണ് പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് കേരള ഹൈകോടതിയിലേക്ക് മാറി. 2007 മുതൽ 2011 വരെ കേരള സർക്കാറിന്റെ സ്പെഷൽ ഗവൺമെൻറ് പ്ലീഡറായിരുന്നു. ബിഹാർ ജാതി സെൻസസിന്റെ സാധുത ഉറപ്പിച്ച വിധി പ്രസ്താവിച്ചത് ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് പാർഥ സാരഥിയുമടങ്ങുന്ന പട്ന ഹൈകോടി ഡിവിഷൻ ബെഞ്ചാണ്.
'
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.