ന്യൂഡല്‍ഹി: മോദിയും അദ്ദേഹത്തിന്‍െറ അനുയായികളും ധീരമെന്നു വിശേഷിപ്പിക്കുന്ന നോട്ട് അസാധുവാക്കല്‍ മണ്ടന്‍ തീരുമാനമാണെന്ന് രാജ്യം മനസ്സിലാക്കിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റ് മന്ദിരത്തിനു പുറത്ത് വ്യാഴാഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കരിദിന ആചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച സീസറിനെപ്പോലെയാണ് പ്രധാനമന്ത്രി. ജനം കഷ്ടപ്പെടുന്നതുകണ്ട് മോദി ചിരിക്കുകയും ആഹ്ളാദിക്കുകയുമാണ്. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥ ആകെ തകര്‍ന്നു.
എന്നാല്‍, ഇത് പാര്‍ലമെന്‍റില്‍ ചര്‍ച്ചചെയ്യാതെ മോദി ഒളിച്ചോടുകയാണ്. സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. നോട്ടുപരിഷ്കാരത്തിന് കാരണമായി ആദ്യം മോദി പറഞ്ഞത് കള്ളപ്പണം തടയാനാണെന്നായിരുന്നു. പിന്നീട് കള്ളനോട്ടും അതുകഴിഞ്ഞ് തീവ്രവാദവുമായി. ഇപ്പോള്‍ നോട്ട് രഹിത സമ്പദ്വ്യവസ്ഥലത്തെി. പ്രശ്നപരിഹാരത്തിന് 50 ദിവസത്തെ അവധിയാണ് ചോദിച്ചത്. എന്നാല്‍, 30 ദിവസമായിട്ടും പകുതി പ്രശ്നംപോലും പരിഹരിക്കാനായിട്ടില്ല. സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടു ശതമാനം ഇപ്പോള്‍ തന്നെ പിന്നോട്ടടിച്ചു. പേയ് ടി.എം പോലെ ഡിജിറ്റല്‍ പേമെന്‍റ് കമ്പനികള്‍ക്കാണ് നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ടുള്ള ഉപകാരം. പേ ടി.എം എന്നാല്‍ പേ ടു മോദി എന്നാണെന്നും രാഹുല്‍ പരിഹസിച്ചു. ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഈ കൂട്ടുകെട്ടിനെ ഞാന്‍ തുറന്നുകാണിക്കാം. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഉത്തരവാദിത്തം സര്‍ക്കാറിനും സ്പീക്കര്‍ക്കുമാണ്. പ്രധാനമന്ത്രി സഭയില്‍ വന്നാല്‍ പ്രശ്നം തീരുമെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് ദുരിതത്തിന് ഒരു മാസം; പാര്‍ലമെന്‍റില്‍ കരിദിന പ്രതിഷേധം
നോട്ട് ദുരിതത്തിന് ഒരു മാസം തികയുന്നത് പ്രതിപക്ഷം കരിദിനം ആചരിച്ച് പ്രതിഷേധിച്ചു. പാര്‍ലമെന്‍റ് വളപ്പില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ നടന്ന ധര്‍ണയില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷ എം.പിമാര്‍ അണിനിരന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ പ്രതിഷേധത്തില്‍ ടി.എം.സി, ഇടത് പാര്‍ട്ടികള്‍, ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി, ജെ.ഡി.യു, ആര്‍.ജെ.ഡി അംഗങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് രാഹുല്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ കറുത്ത ബാഡ്ജുമായാണ് സഭാ നടപടികളില്‍ പങ്കെടുത്തത്. പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും വ്യാഴാഴ്ചയും ഏറക്കുറെ പൂര്‍ണമായി തടസ്സപ്പെട്ടു. അതേസമയം, വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യമുന്നയിച്ച് ലോക്സഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യാഴാഴ്ചയും അനുവദിച്ചില്ല. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചക്ക് മാത്രമേ തയാറുള്ളൂവെന്ന നിലപാടില്‍ സര്‍ക്കാറും ഉറച്ചുനിന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ ചോദ്യോത്തരവേള പകുതിയില്‍ നിര്‍ത്തിയ സഭ ശൂന്യവേളയില്‍ പുനരാരംഭിച്ചപ്പോഴും ശാന്തമായില്ല. ബഹളത്തിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉപധനാഭ്യര്‍ഥന ബില്‍ അവതരിപ്പിച്ച് പാസാക്കി. ധര്‍ണക്ക് നേതൃത്വം നല്‍കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച രാഹുലിന് മറുപടിയുമായി രാജ്യസഭയില്‍ വെങ്കയ്യ നായിഡു രംഗത്തത്തെി. പ്രതിപക്ഷത്തിന്‍െറ കരിദിനം കള്ളപ്പണക്കാര്‍ക്കുള്ള പിന്തുണ ദിനമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.