ന്യൂഡൽഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എന്നാൽ ഭീരുക്കളാണെന്നോ യുദ്ധത്തെ ഭയക്കുന്നവരണെന്നോ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാൻഗ്ര ജില്ലയിലെ ബദോലിയിൽ രാജ്യസേവനത്തിനായി ജീവൻ ബലിയർപ്പിച്ച സായുധ സേനയിലെ ധീര സൈനികരുടെ കുടുംബങ്ങളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകമെമ്പാടും സമാധാനത്തിന്‍റെ സന്ദേശം നൽകിയ ഒരോയൊരു രാജ്യം ഇന്ത്യയാണ്. അതിനാൽ ലോകം ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കുന്നുമുണ്ട്. ഒരു രാജ്യത്തെയും ആക്രമിക്കാനോ അവരുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാനോ ഇന്ത്യ ഒരിക്കലും മുതിർന്നിട്ടില്ല. എന്നാൽ രാജ്യത്തിന്‍റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
"ഇന്ത്യ സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണ്. പക്ഷെ ഞങ്ങൾ ഭീരുക്കളാണെന്നോ യുദ്ധത്തെ ഭയപ്പെടുന്നവരാണെന്നോ ആരും തെറ്റിദ്ധരിക്കരുത്. രാജ്യം കോവിഡ് വ്യാപനത്തിനെതിരെ പോരാടുമ്പോൾ വടക്കൻ അതിർത്തിയിൽ ചൈനയിൽ നിന്ന് പിരിമുറുക്കം നേരിടേണ്ടി വന്നു. എത്ര വലിയ ശക്തിയാണെങ്കിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്ന് ഗൽവാനിൽ ഇന്ത്യൻ സൈന്യം തെളിയിച്ചു"- രാജ് നാഥ് സിങ് പറഞ്ഞു.
2016ലെ സർജിക്കൽ സ്‌ട്രൈക്കിലും 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിലും ഇന്ത്യ നൽകിയ മറുപടി രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും വ്രണപ്പെടുത്താൻ ശ്രമിക്കുന്നവരുടെ നട്ടെല്ല് തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരുടെ ത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കും. മതവും വിശ്വാസവും പ്രശ്നമല്ല, ഏറ്റവും പ്രധാനം രാജ്യത്തിന്‍റെ ത്രിവർണ പതാക വാനിൽ ഉയർന്ന് പറക്കുന്നത് തുടരണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.