റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധമാർച്ച് അക്രമാസക്തം. കാവൽ നിന്ന സി.ആർ.പി.എഫ് ജവാൻമാരെ നൂറുകണക്കിന് ബി.ജെ.പിക്കാർ കൂട്ടമായെത്തി കല്ലെറിഞ്ഞ് പരിക്കേൽപിച്ചു. നിരവധി പൊലീസുകാർക്കും മർദനമേറ്റു. സംഭവത്തിൽ മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടി, രഘുബർ ദാസ്, കേന്ദ്രമന്ത്രി അർജുൻ മുണ്ട, അഞ്ച് പാർലമെന്റംഗങ്ങൾ, മൂന്ന് നിയമസഭാംഗങ്ങൾ എന്നിവരുൾപ്പെടെ 41 ബിജെപി നേതാക്കൾക്കെതിരെ കലാപത്തിനും അക്രമത്തിനും റാഞ്ചി പൊലീസ് കേസെടുത്തു.
സെക്രട്ടേറിയറ്റ് വളയാനുള്ള ശ്രമത്തിനിടെ നടന്ന സംഘർഷത്തിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉപേന്ദ്ര കുമാറിന്റെ പരാതിയിലാണ് റാഞ്ചിയിലെ ധുർവ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 41 നേതാക്കളടക്കം ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകരാണ് പ്രതികൾ. കലാപശ്രമം, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ, മർദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ചൊവ്വാഴ്ച റാഞ്ചിയിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടന്ന ഝാർഖണ്ഡ് നിയമസഭ ഉപരോധത്തിനിടെയാണ് സംഭവം. പോലീസുകാരുമായി ഏറ്റുമുട്ടിയ അക്രമാസക്തരായ ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യം നിർവഹിച്ചതിന്റെ പേരിലാണ് മർദനത്തിനിരയായതെന്ന് ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) പറഞ്ഞു. “സമൂഹത്തിൽ വർഗീയ സംഘർഷവും വിഭജനവും സൃഷ്‌ടിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. പൊലീസ് അക്കാര്യം പരിശോധിക്കണം” -ജെ.എം.എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
എന്നാൽ, രാഷ്ട്രീയ പ്രതിഷേധത്തിന്റെ പേരിലാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. “രാഷ്ട്രീയ പ്രതിഷേധത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനുള്ള തീരുമാനം അവരുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. അവർ ചെയ്യട്ടെ, ബാക്കി കോടതിയിൽ കാണാം. ഈ സർക്കാർ എല്ലാ മേഖലകളിലും പരാജയമാണ്. അത് ഞങ്ങൾ ഇപ്പോഴും ഭാവിയിലും തുറന്നു കാണിക്കും’ -എഫ്.ഐ.ആറിൽ പ്രതിയായ കേന്ദ്ര മന്ത്രി അർജുൻ മുണ്ട പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.