രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ ശ്രദ്ധനേടി ഒന്നാം ക്ലാസുകാരിയുടെ കത്ത്. വിലക്കയറ്റം കാരണം തനിയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു ആറുവയസുകാരി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ നിന്നുള്ള കൃതി ദുബെ എന്ന പെണ്‍കുട്ടിയാണ് കത്തിന് ഉടമ. കത്ത് സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി.
കൃതി നോട്ട്ബുക്കില്‍ എഴുതിയ കത്ത് ഇങ്ങനെയാണ്. 'എന്റെ പേര് കൃതി ദുബെ. ഒന്നാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. മോദിജി, വലിയ വിലക്കയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്റെ പെന്‍സിലിനും റബ്ബറിനും പോലും വില കൂടി. മാഗിയുടെ വില പോലും വർധിച്ചിരിക്കുകയാണ്. പുതിയ പെന്‍സില്‍ ചോദിക്കുമ്പോള്‍ ഇപ്പോള്‍ അമ്മ തല്ലുകയാണ്. ഞാന്‍ എന്ത് ചെയ്യും? മറ്റ് കുട്ടികളാണെങ്കില്‍ എന്റെ പെന്‍സില്‍ മോഷ്ടിയ്ക്കുകയാണ്' കൃതി കത്തില്‍ വ്യക്തമാക്കി. ഹിന്ദിയിലാണ് കത്ത് എഴുതിയിരിക്കുന്നത്.
'ഇത് എന്റെ മകളുടെ മന്‍ കി ബാതാണ്. സ്‌കൂളില്‍ വെച്ച് പെന്‍സില്‍ നഷ്ടമായതിന്റെ പേരില്‍ അമ്മ ശകാരിച്ചതില്‍ അവള്‍ക്ക് വലിയ വിഷമമുണ്ട്.' കൃതിയുടെ അച്ഛനും അഭിഭാഷകനുമായ വിശാല്‍ ദുബെ പറഞ്ഞു. കത്തിൽ സ്ഥലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അശോക് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. 'കുട്ടിയെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്. അവളുടെ കത്ത് ബന്ധപ്പെട്ട അധികാരികളില്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കും' അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായല്ല പ്രധാനമന്ത്രിക്ക് ഒരു കുട്ടി കത്തെഴുതുന്നത്. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സ്വദേശിയായ കുട്ടി ഓണ്‍ലൈന്‍ ക്ലാസിനെപ്പറ്റി പ്രധാനമന്ത്രിയോട് പരാതി പറയുന്ന വീഡിയോ വൈറല്‍ ആയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.