ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികളുടെ അംഗീകാരം റദ്ദാക്കാനും ഉൾപാർട്ടി ജനാധിപത്യം ഉറപ്പാക്കാനും നിയമം വഴി അധികാരം ലഭിക്കണമെന്ന് തെരഞ്ഞെടുപ്പുകമീഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനുമാത്രമാണ് ഇപ്പോൾ കമീഷന് അധികാരം. റദ്ദാക്കുന്നതിന് ഇല്ല. ജനപ്രാതിനിധ്യ നിയമത്തിലും അംഗീകാരം റദ്ദാക്കുന്ന കാര്യത്തിൽ വ്യക്തമായ വ്യവസ്ഥയില്ല. നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തിയാൽ ഉൾപാർട്ടി ജനാധിപത്യം ഉറപ്പുവരുത്താനാവും.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുന്നത് വിലക്കണമെന്ന ഹരജിയെ അനുകൂലിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമീഷൻ ഇൗ ആവശ്യം മുന്നോട്ടുവെച്ചത്. രജിസ്ട്രേഷൻ നടത്തുന്ന സമയത്തെ ഉറപ്പുകൾ ലംഘിെച്ചന്നോ ഭരണഘടനവ്യവസ്ഥ മറികടക്കുന്നുവെന്നോ കണ്ടാൽ പാർട്ടികളുടെ അംഗീകാരം എടുത്തുകളയാൻ കമീഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന 2002ലെ സുപ്രീംകോടതിവിധി സത്യവാങ്മൂലത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്. തെറ്റായ വഴിക്കാണ് രജിസ്ട്രേഷൻ നേടിയതെങ്കിൽ അംഗീകാരം പോകുമെന്നാണ് അന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
രജിസ്റ്റർ ചെയ്തുഎന്നല്ലാതെ, തെരഞ്ഞെടുപ്പിൽ ഒരിക്കലും മത്സരിക്കാത്ത പാർട്ടികളുണ്ട്. കടലാസ്സംഘടനകൾ മാത്രമാണ് അത്. ആദായനികുതി ഒഴിവിൽ കണ്ണുവെച്ച് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. 2016 ഫെബ്രുവരിക്കും ഡിസംബറിനുമിടയിൽ 255 രാഷ്ട്രീയ പാർട്ടികളുടെ പേര് സക്രിയ പാർട്ടികളുടെ പട്ടികയിൽനിന്ന് മാറ്റിയ കാര്യവും കമീഷൻ ചൂണ്ടിക്കാട്ടി. പൊതുതാൽപര്യഹരജി തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും. കേന്ദ്രസർക്കാർ നിലപാട് ഇനിയും അറിയിച്ചിട്ടില്ല.
അഞ്ചുവർഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കേസിൽ കോടതി കുറ്റം ചുമത്തിയവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കാൻ നിയമംവേണമെന്നും കേന്ദ്രത്തോട് നിർദേശിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. രാഷ്ട്രീയം ക്രിമിനൽമുക്തമാക്കാൻ തങ്ങൾ സജീവനടപടി സ്വീകരിച്ചതായും കമീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ സ്വഭാവം പരിഗണിച്ച് സ്ഥാനാർഥികളെ വിലക്കാവുന്നതാണ്. 1998 മുതൽ രാഷ്ട്രീയത്തിെല ക്രിമിനൽവത്കരണത്തിനെതിരെ കമീഷൻ നിലപാടെടുക്കുന്നുണ്ട്. ഇതുസംബന്ധിച്ച് 98 ജൂലൈ 15ന് കേന്ദ്രസർക്കാറിന് നിർദേശം സമർപ്പിച്ചു. 2004ഉം 2016ലും സമർപ്പിച്ച തെരഞ്ഞെടുപ്പ് പരിഷ്കരണനിർദേശങ്ങളിൽ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയമേഖലയിൽ കുറ്റവാളികളില്ലാതാക്കാനും നിയമ നിർമാണസഭകളുടെ പവിത്രത സംരക്ഷിക്കാനും ഇൗ നടപടി ഉപകരിക്കും. ഗുരുതരകുറ്റങ്ങളിൽ പ്രതിചേർക്കപ്പെട്ടവർ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് മോശം സന്ദേശമാണ് നൽകുകയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.