പട്ന: ഏകാധിപത്യ സർക്കാറിനെ രാജ്യത്തെ ജനം താഴെയിറക്കുമെന്നും ജൂൺ നാലിന് ഇൻഡ്യ മുന്നണി അധികാരത്തിലേറുമെന്നും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഇത്തവണ അധികാരത്തിൽ നിന്ന് ഇറങ്ങേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അറിയാം. ആദ്യ മൂന്ന് ഘട്ടത്തിലും ഇൻഡ്യ മുന്നണിക്കാണ് മുന്നേറ്റം. തോൽക്കുമെന്ന ഭയമുള്ളതിനാലാണ് മോദി വർഗീയ പരാമർശങ്ങൾ നടത്തുന്നതെന്നും തേജസ്വി യാദവ് തുറന്നടിച്ചു.
കർപൂരി ഠാക്കൂർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബിഹാറിൽ എല്ലാ മതവിഭാഗത്തിലുമുള്ള പിന്നാക്ക വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില വിഭാഗങ്ങളെ ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തേജസ്വി പറഞ്ഞു. സംവരണം മുസ്ലിംകൾക്കു മാത്രമായി പരിമിതപ്പെടുത്താനാണ് ഇൻഡ്യ മുന്നണി ശ്രമിക്കുന്നതെന്ന മോദിയുടെ പരാമർശത്തിനു മറുപടിയായാണ് തേജസ്വി ഇക്കാര്യം വ്യക്തമാക്കിയത്.
40 നിയോജക മണ്ഡലങ്ങളുള്ള ബിഹാറിൽ ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിൽ അഞ്ച് സീറ്റുകളിലാണ് ജനവിധി തേടിയത്. 2019ൽ ബിജെപി നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യം 39 സീറ്റുകളിൽ വിജയം നേടിയിരുന്നു. ഇത്തവണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചതോടെ കൂടുതൽ സീറ്റുകൾ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യ മുന്നണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.