ന്യൂഡൽഹി: ബി.ജെ.പിയെ പരാജയപ്പെടുത്താനും ഡൽഹിയിൽ നല്ല പ്രവർത്തനങ്ങൾ തുടരാനും ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ.
തന്‍റെ ‘പദയാത്ര’ പുനരാരംഭിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾ ബി.ജെ.പി തടസപ്പെടുത്തുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ടുചെയ്യാൻ ഡൽഹിയിലെ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.
“ബി.ജെ.പിയെ പരാജയപ്പെടുത്താനും നഗരത്തിൽ നല്ല പ്രവർത്തനങ്ങൾ തുടരാനും എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്, കാരണം എനിക്ക് ഒറ്റക്ക് അത് ചെയ്യാൻ കഴിയില്ല. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ സൗകര്യങ്ങൾ ഡൽഹിയിൽ നൽകുന്നവയുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ അവർ അധികാരത്തിലെത്തിയാൽ എല്ലാ പ്രവർത്തനങ്ങളും നിർത്തും” -അദ്ദേഹം അവകാശപ്പെട്ടു.
കെജ്രിവാളിന്‍റെ പ്രസ്താവനക്ക് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ നിയമസഭാ മണ്ഡലങ്ങളിൽ ആം ആദ്മി നേതാക്കൾ ‘പദയാത്ര’ നടത്തുകയാണ്. പടിഞ്ഞാറൻ ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിൽ മാർച്ച് നടത്തിയ കെജ്‌രിവാൾ, അധികാരത്തിൽ തിരിച്ചെത്തിയാൽ വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ബില്ലുകൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.