ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ തമിഴ്നാട്ടിൽ ആർ.എസ്.എസ് നടത്താനിരുന്ന റൂട്ട് മാർച്ച് നവംബർ ആറിന് നടത്താൻ അനുമതി. മൂന്നിടത്ത് മാർച്ച് നടത്താൻ ആർ.എസ്.എസിന് അനുമതി നൽകിയതായി തമിഴ്‌നാട് പൊലീസ് മദ്രാസ് ഹൈകോടതിയെ അറിയിച്ചു. കല്ലാകുറിച്ചി, പേരാമ്പലൂർ, കടലൂർ ജില്ലകളിലാണ് മാർച്ചിന് അനുമതി.
നേരത്തെ, ഗാന്ധി ജയന്തി ദിനത്തില്‍ ആർ.എസ്.എസ് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈകോടതി ശരിവെച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്നുള്ള അതീവ ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് ഉണ്ടായിരുന്നത്. എന്നാൽ അതിന് പകരമായി നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാൽ, കോയമ്പത്തൂർ കാർ സ്‌ഫോടനവും, കനത്ത മഴയും കണക്കിലെടുത്ത് 24 സ്ഥലങ്ങളിലെ പൊലീസ് കമ്മീഷണർമാരും സൂപ്രണ്ടുമാരും മാർച്ച് നടത്താൻ സാഹചര്യം അനുകൂലമല്ലെന്ന് അറിയിച്ചു. തുടർന്ന് നവംബർ ആറിന് തമിഴ്‌നാട്ടിലെ 50 സ്ഥലങ്ങളിൽ മാർച്ചും പൊതുയോഗവും നടത്താൻ അനുമതി നൽകിയുള്ള മുൻ കോടതി ഉത്തരവിനെ അവഹേളിക്കുന്നതാണ് പൊലീസിന്റെ ഈ തീരുമാനമെന്ന് ആർ.എസ്.എസ് അഭിഭാഷകൻ വാദിച്ചു. ഒന്നിലധികം സ്ഥലങ്ങളിൽ പരിപാടികൾ നടത്തിയതിന് ദലിത് പാന്തേഴ്സിന് സംസ്ഥാന പൊലീസ് നേരത്തെ അനുമതി നൽകിയിരുന്നതായും കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.